Skip to main content

വൈപ്പിനിൽ വായനയുടെ പുതിയ ലോകം തുറന്ന് ഇ- ലൈബ്രറികള്‍

 

 

വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന മഹദ്വചനം കാലാതീതമായി നമ്മുടെ മനസ്സിലുണ്ട്. ആധുനിക കാലഘട്ടത്തിൽ പുസ്തകത്താളുകളിൽ ഒതുങ്ങാതെ വായനയുടെ വിശാല ലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ച് ഉയർത്തുകയാണ് വൈപ്പിൻ മണ്ഡലത്തിലെ ഇ- ലൈബ്രറികൾ. വൈപ്പിനിലെ എല്ലാ സ്കൂളുകളിലും ഒരു വിരൽത്തുമ്പിൻ അടുത്തേക്ക് ഗ്രന്ഥശാലകൾ എത്തി കഴിഞ്ഞു.

 

സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്നത്. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ യുടെ ആസ്തി വികസനഫണ്ടിന് പുറമേ ബി.പി.സി.എല്‍.-സി.എസ്.ആര്‍

ഫണ്ടും ഉള്‍പ്പെടുത്തി ഒരു യൂണിറ്റിന് 12.33 ലക്ഷം രൂപ നിരക്കില്‍ രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 20 ഹൈസ്‌കൂളുകളിലാണ് ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റല്‍ ലൈബ്രറി ഒരുങ്ങിയത്.

 

"വായന രസമുള്ള അനുഭവമാണ് ഇപ്പോൾ അത് കൂടുതൽ രസകരമായി '' ഒമ്പതാം ക്ലാസ് വിദ്യാർഫിനായ അനാമിക സെലീന ഇതു പറയുന്നത് സെൻ്റ് മേരിസ് ഹൈസ്കൂളിൽ പുതിയതായി ആരംഭിച്ച ഇ ലൈബ്രറിയുടെ മുമ്പിൽ നിന്നാണ്. ഇ- ലൈബ്രറി ഒരു യുണിക് എക്സ്പീരിയൻസ് ആണ്. ഏതു കാറ്റഗറിയിലുള്ള ബുക്കും സ്റ്റഡി മെറ്റീരിയലും ഇവിടെ ലഭിക്കും.

ഇപ്പോള്‍ എല്ലാം വായിക്കും

ബഷീര്‍, മാധവിക്കുട്ടി, എം.ടി തുടങ്ങി മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരെയും , ലോക പ്രശസ്ത എഴുത്തുകാരെയും ഇഷ്ടമുള്ള രീതിയിൽ വായിക്കാനാകുന്നുണ്ട്. ഞങ്ങളുടെ തലമുറയെ  

വായനയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിൽ ഇ ലൈബ്രറികൾ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് അനാമിക പറയുന്നു.

 

സ്വഭാവ രൂപീകരണത്തിന്റെ കാലഘട്ടമാണിത്. സമൂഹത്തിലെ തെറ്റായ ശീലങ്ങളുടെ പുറകേ പോകാതെ നല്ല രീതിയില്‍ വായിക്കാനും പഠിക്കാനും ശ്രദ്ധിക്കേണ്ട സമയവും.

ഇന്നത്തെ കാലത്ത് കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്‌ക്രീനിന് മുമ്പിലാണ്.

 സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായ ഈ കാലത്ത് വെര്‍ച്വല്‍ ലോകത്തെ ചതിക്കുഴികള്‍ മനസിലാക്കാന്‍ കഴിയണം. ഈ സമയം എത്ര മാത്രം നന്നായി വിനിയോഗിക്കണം എന്ന രീതിയില്‍ കുട്ടികളെ പരുവപ്പെടുത്തേണ്ടതുണ്ട്. ആ ഉദ്യമത്തിന് ഡിജിറ്റല്‍ ലൈബ്രറി എന്ന ആശയം ഏറെ പ്രയോജനകരമാകുമെന്ന് സെൻ്റ് മേരീസ് ഹൈസ്കൂൾ പ്രധാന അധ്യാപകനായ സേവ്യർ പുതുശേരി പറഞ്ഞു. 

 

മുതിര്‍ന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ മുതല്‍ യുവ സാഹിത്യകാരന്മാരുടെ കൃതികള്‍ വരെ കുട്ടികൾക്ക് ഇ-ലൈബ്രറിയില്‍ നിന്ന് വായിക്കാന്‍ കഴിയും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഏറെ സഹായകരമായ രീതിയിലാണ് ഇ-ലൈബ്രറി ആവിഷ്‌കരിക്കുന്നത്. നീറ്റ്, ജെ.ഇ.ഇ, ബാങ്ക്, പി.എസ്.സി, പരീക്ഷകള്‍, ഐഎഎസ്, കെഎഎസ് തുടങ്ങി പരീക്ഷകളുടെ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും ഇ - ലൈബ്രറിയിലൂടെ ലഭിക്കും. 

 

വൈപ്പിന്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് , മാനേജ്‌മെന്റ് സ്‌കൂളുകള്‍ അടക്കം എല്ലാ സ്‌കൂളുകളിലും ഇ-ലൈബ്രറി എന്ന നൂതന ആശയം നടപ്പിലാക്കാന്‍ കഴിഞ്ഞു. പരമാവധി വേഗം ഉറപ്പുവരുത്തുന്ന രീതിയില്‍ 5G ഇൻ്റെർനെറ്റ് കണക്ഷന്‍ സ്‌കൂളിൽ എത്തിച്ച് കൊണ്ടാണ് ഇ-ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്.

 

വൈപ്പിൻ നിയോജകമണ്ഡലത്തിലെ

സർക്കാർ സ്കൂളുകൾ അടക്കമുള്ള എല്ലാ സ്കൂളുകളിലും കുടാതെ സർക്കാർ കോളേജുകൾ,സാംസ്കാരിക വകുപ്പിന് കീഴിലുള്ള സഹോദര ഭവൻ എന്നീവടങ്ങളിലും നിലവിൽ പദ്ധതി നടപ്പിലാക്കി വരുകയാണ്. 

 

*മാനവ സംസ്കാരത്തിൻ്റെ പുരോഗതിക്ക് നിദാനം ലൈബ്രറികൾ സിപ്പി പളളിപ്പുറം*

 

മാനവ സംസ്കാരത്തിൻറെ പുരോഗതിക്ക് വേണ്ട എല്ലാ സാഹചര്യവും ഒരുക്കിയത് ലോകത്തെമ്പാടുമുള്ള ലൈബ്രറികളാണെന്ന് പ്രശസ്ത ബാല സാഹിത്യ കാരനായ സിപ്പി പള്ളിപ്പുറം.

ലൈബ്രറികളിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ വായിച്ചു വായിച്ചാണ് നമ്മൾ ഉന്നതങ്ങളിലേക്ക് എത്തിയത്. പട്ടിണിക്കാരനായ മനുഷ്യനോട് പോലും പുസ്തകം കയ്യിലെടുത്തോളാൻ പറഞ്ഞ പ്രശസ്ത ജർമൻ കവിയായ ബർതോൾത് ബ്രഹ്തിൻ്റെ വാക്കുകൾ വായനയുടെ മാഹാത്മ്യത്തെ അടിവരയിടുന്നതാണ്.

പുസ്തകങ്ങളിലൂടെയാണ് നമ്മുടെ സമൂഹത്തിന് മാറ്റം ഉണ്ടായത്.എന്നാൽ കാലം ചെല്ലുമ്പോൾ പുസ്തകങ്ങളോടൊക്കെ താല്പര്യം കുറയുന്നു എന്ന തോന്നൽ സമൂഹത്തിലുണ്ട്. അതൊരു യാഥാർത്ഥ്യവുമാണ്. പുസ്തകങ്ങളിൽ നിന്ന് നമ്മുടെ തലമുറ അകന്നു പോയിട്ടുണ്ട്. അവരെ വായനയിലേക്ക് തിരിച്ചു കൊണ്ടുവരണം. അതിൻ്റെ ഭാഗമായാണ് ഇന്ന് ലോകമെമ്പാടും ഇ -ലൈബ്രറി എന്ന ആശയം രൂപപ്പെട്ടു വരുന്നത്. ഇ ലൈബ്രറി എന്ന് പറഞ്ഞാൽ കാലത്തിന് അനുസരിച്ചുള്ള ലൈബ്രറികളാണ്.ഇഷ്ടമുള്ളത് ഡൗൺലോഡ് ചെയ്ത് വായിക്കാം എന്നുള്ളത് മേന്മയാണ്.അതിൽ ബാലസാഹിത്യകൃതിയും, ലോകോത്തര നോവലുകളും ജ്ഞാനപീഠ പുരസ്കാര ലഭിച്ച പുസ്തകങ്ങൾ ഇങ്ങനെയെല്ലാമുണ്ട്.അറിവിൻ്റെ ഒരു വലിയ വാതായനം നമ്മുടെ പുതിയ തലമുറയ്ക്ക് മുമ്പിൽ തുറക്കുകയാണ് ഇ ലൈബ്രറികളിലൂടെ. വൈപ്പിൻ മണ്ഡലത്തിലെ സ്കൂളുകൾ മാത്രമല്ല ലൈബ്രറികൾ, സഹോദരൻ അയ്യപ്പൻ സ്മാരകം അടക്കമുള്ള സാംസ്കാരിക മന്ദിരങ്ങളിലും ഡിജിറ്റൽ ലൈബ്രറി ആയി കഴിഞ്ഞു എന്നത് ഏറെ സ്വാഗതാർഹമാണെന്നും സിപ്പി പള്ളിപ്പുറം പറഞ്ഞു.

date