Skip to main content

ഉന്നതിയിലേക്ക് 71 ചിറകുകൾ: വിദേശ പഠന സ്കോളർഷിപ്പിൽ ജില്ലയ്ക്ക് തിളക്കമേറിയ നേട്ടം

 

 

സ്വപ്‌നങ്ങൾ ആകാശത്തോളം വലുതാകുമ്പോഴും, അവ യാഥാർത്ഥ്യമാക്കാൻ ഭീമമായ സാമ്പത്തിക ബാധ്യതകൾ തടസ്സമാകാറുണ്ട്. എന്നാൽ, ആകാശത്തിന്റെ അതിരുകൾ ഭേദിച്ച്, ലോകോത്തര വിജ്ഞാനത്തിന്റെ വാതായനങ്ങൾ പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി തുറന്നിടുകയാണ് 'ഉന്നതി വിദേശ പഠന സ്കോളർഷിപ്പ്' പദ്ധതി. ഈ സർക്കാർ സംരംഭത്തിലൂടെ, ഉന്നത വിദ്യാഭ്യാസം എന്ന ചിരകാലാഭിലാഷം സഫലമാക്കാൻ അവസരം ലഭിച്ചവരുടെ പട്ടികയിൽ ജില്ലയ്ക്ക് അഭിമാന നേട്ടമാണ്.

 

സമർത്ഥരായ 71 വിദ്യാർത്ഥികളാണ് എറണാകുളത്തുനിന്ന് സ്കോളർഷിപ്പിന് അർഹത നേടി, വിദേശ സർവ്വകലാശാലകളിൽ പഠനം പൂർത്തിയാക്കുകയോ തുടരുകയോ ചെയ്യുന്നത്. സംസ്ഥാന തലത്തിൽ ആകെ ഗുണഭോക്താക്കളുടെ 17% വരുന്ന ഈ നേട്ടം, പിന്നാക്ക മേഖലയിലെ യുവമനസ്സുകൾക്ക് ലഭിച്ച ഏറ്റവും വലിയ പ്രചോദനമാണ്. ഇതിൽ 68 പേർ പട്ടികജാതി വിദ്യാർത്ഥികളും 3 പേർ പട്ടികവർഗ്ഗ വിദ്യാർത്ഥികളുമാണ്. ഇരുട്ടിനെ ഭേദിച്ച് വെളിച്ചം തേടുന്ന ഒരു യാത്രയുടെ, അക്ഷരാർത്ഥത്തിലുള്ള 'ഉന്നതി'യുടെ കഥയാണിത്.

 

*ലോകോത്തര സർവകലാശാലകളിലേക്ക്*

 

ടൈംസ് ഹയർ എഡ്യൂക്കേഷൻ (https://www.timeshighereducation.com) റാങ്കിങ് അനുസരിച്ച്, ആദ്യ 500 റാങ്കിങ്ങിനുള്ളിൽ വരുന്ന സർവകലാശാലകളാണ് വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്നത്. രാജ്യവും കോഴ്‌സും തിരഞ്ഞെടുക്കുന്നതിൽ ഈ മാനദണ്ഡം നിർബന്ധമാണ്. പട്ടികജാതി - പട്ടികവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളുടെ ആഗോള പ്രവേശനം ഉറപ്പാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിൽ, ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്‌സുകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

 

*സ്വപ്നങ്ങൾക്ക് താങ്ങായി 25 ലക്ഷം*

 

വിദേശ പഠനം പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമാകുന്നതിന് പ്രധാന കാരണം ഭീമമായ സാമ്പത്തിക ബാധ്യതയാണ്. 'ഉന്നതി' പദ്ധതി ഇവിടെയാണ് പ്രസക്തമാകുന്നത്. ഓവർസീസ് ഡെവലപ്‌മെൻ്റ് ആൻഡ് എംപ്ലോയ്‌മെൻ്റ് പ്രൊമോഷൻ കൺസൾട്ടൻ്റ്‌സിൻ്റെ (ODEPC) സഹകരണത്തോടെ പട്ടികവർഗ്ഗ, പട്ടികജാതി വികസന വകുപ്പുകൾ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ പരമാവധി 25 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ് ഇനത്തിൽ ലഭിക്കുക.

 

പട്ടിക വർഗ്ഗ വിഭാഗത്തിന് വരുമാന പരിധിയില്ലാതെ ഒരു വർഷം 50 കുട്ടികൾക്ക് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിക്കും. 

 

പട്ടികജാതി വിഭാഗത്തിന് വരുമാന പരിധി അനുസരിച്ച് സ്കോളർഷിപ്പ് തുക വ്യത്യാസപ്പെടും. 12 ലക്ഷത്തിൽ താഴെ വരുമാനമുള്ള 175 പേർക്ക് 25 ലക്ഷം രൂപ സ്കോളർഷിപ്പ് തുകയായി ലഭിക്കും. 12-നും 20 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ള 25 പേർക്ക്: 20 ലക്ഷവും, 20 ലക്ഷത്തിനു മുകളിൽ വരുമാനമുള്ള 25 പേർക്ക് 15 ലക്ഷവുമാണ് തുകയായി ലഭിക്കുന്നത്. 

 

ഇതുകൂടാതെ ഇരു വിഭാഗങ്ങളിലും 35 വിദ്യാർത്ഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി പലിശ രഹിത ലോൺ നൽകാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

 

*അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

 

വർഷത്തിൽ ഒരിക്കൽ മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്, സാധാരണയായി ജനുവരി - മാർച്ച് മാസത്തിനിടയിൽ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പട്ടികജാതി - പട്ടികവർഗ്ഗ ഡിപ്പാർട്മെന്റുകളുടെ ഒഫീഷ്യൽ സൈറ്റ് വഴി അപേക്ഷാ ലിങ്ക് ലഭ്യമാകും.

 

*യോഗ്യതാ മാനദണ്ഡങ്ങളും മുൻഗണനയും*

 

ഒരു വർഷം 310 വിദ്യാർത്ഥികൾക്കാണ് വിദേശ പഠനത്തിന് സ്കോളർഷിപ്പ് നൽകുന്നത്. ഡിഗ്രി തലത്തിലെ മാർക്കാണ് സെലക്ഷനുള്ള പ്രധാന മാനദണ്ഡം. 55% മാർക്കിൽ കുറയാത്ത അംഗീകൃത ബിരുദം നേടിയിരിക്കണം. പ്രായപരിധി 35 വയസ്സിൽ താഴെ. പ്രൊഫഷനൽ കോഴ്സ് പഠിച്ച വിദ്യാർഥികൾക്കു 20% സംവരണവുമുണ്ട്. പെൺകുട്ടികൾ, ശാരീരിക വൈകല്യമുള്ളവർ, ഏകരക്ഷിതാവുള്ള കുട്ടികൾ എന്നിവർക്കു മുൻഗണന ലഭിക്കും. ഒരു കുടുംബത്തിൽ നിന്ന് ഒരു കുട്ടിക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാനാവുക. 

 

പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ നൽകുന്ന ഏറ്റവും മികച്ച പിന്തുണയാണ് 'ഉന്നതി' സ്കോളർഷിപ്പ്. വിദ്യാഭ്യാസം ഒരു അവകാശം മാത്രമല്ല, വളർച്ചയുടെ പ്രധാന താക്കോലാണ് എന്ന കാഴ്ചപ്പാടാണ് ഈ പദ്ധതിക്ക് പിന്നിൽ. എറണാകുളം ജില്ലയിൽ നിന്ന് 71 യുവമനസ്സുകൾ ലോകത്തെ മികച്ച സർവ്വകലാശാലകളിലേക്ക് പടിചവിട്ടുമ്പോൾ, അത് കേവലം ഒരു കണക്കല്ല; അനേകം കുടുംബങ്ങളുടെ തലവര മാറ്റിയെഴുതുന്ന, സമൂഹത്തിന് പ്രതീക്ഷ നൽകുന്ന 71 വിളക്കുകളാണ്.

date