മലയാള ദിന- ഭരണഭാഷ വാരാഘോഷത്തിന് ജില്ലയിൽ തുടക്കമായി
ജില്ലാ ഭരണകൂടവും ഇന്ഫര്മേഷന് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി മലയാള ദിനാചരണവും ഭരണഭാഷ വാരാഘോഷവും സംഘടിപ്പിച്ചു.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ
സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷ ചടങ്ങ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് ഉദ്ഘാടനം ചെയ്തു.
മലയാള ഭാഷ ഉപയോഗിക്കാൻ കുട്ടികളെ ചെറുപ്പം മുതലേ പ്രോത്സാഹിപ്പിക്കണമെന്നും, നമ്മുടെ ഭാഷയുടെ മഹിമ അറിഞ്ഞു തന്നെ കുട്ടികൾ വളരണമെന്നും, ഇതിനായി കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറെ വൈവിധ്യമാർന്ന
പ്രാദേശിക പദസമ്പത്തുകൾ മലയാളത്തിന് സ്വന്തമായുണ്ട്. എന്നാൽ ആ വാക്കുകളിൽ പലതും നമ്മളിൽ നിന്ന് അന്യം നിന്ന് പോകുന്നു. ഓരോ വാക്കും രൂപപ്പെട്ടത് പ്രത്യേക സാഹചര്യങ്ങളിൽ നിന്നാണ് എന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണവും മലയാള ദിനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിച്ച
പ്രമുഖ നോവലിസ്റ്റും, ചെറു കഥാകൃത്തും, വാഗ്മിയുമായ സലിൻ മാങ്കുഴി പറഞ്ഞു.
സർക്കാർ ഫയലുകളിൽ ഉപയോഗിക്കുന്ന വാക്കുകൾ പലതും ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കി പത്രമാണ്. സാധാരണ ജനങ്ങൾക്ക് ആയാസ രഹിതമായി മനസ്സിലാകുന്ന വിധത്തിൽ സങ്കീർണതകൾ ഒഴിവാക്കി ഫയലുകളിലെ ഭാഷയെ നവീകരിക്കാൻ ഓരോ ഉദ്യോഗസ്ഥർക്കും പങ്ക് വഹിക്കാൻ കഴിയും.
ജീവിതത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകാൻ വായനക്കാകും. വിപുലമായ മനുഷ്യ ബന്ധവും വായന പ്രദാനം ചെയ്യും. വായിക്കാത്തവരുടെ ലോകം ശുഷ്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കൃഷി വകുപ്പ് ജീവനക്കാരിയും ആകാശ വാണി അവതാരകയുമായ അയന വേണുഗോപാൽ നൃത്താവതരണവും നടത്തി.
ചടങ്ങിൽ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യൂ അധ്യക്ഷനായി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ മനോജ്, ജില്ലാ ലോ ഓഫീസർ മനു സോളമൻ, ഹുസൂർ ശിരസ്തദാർ ജി.വി ജ്യോതി, പി. ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ എ.റ്റി രമ്യ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സി.ഡി റെൻസി എന്നിവർ പങ്കെടുത്തു,
- Log in to post comments