ഭരണഭാഷാ വാരാഘോഷം *മത്സരാർത്ഥികൾ ചോദ്യകർത്താക്കളായി....* *ആവേശം നിറച്ച് പ്രശ്നോത്തരി മത്സരം*
ഈ റൗണ്ടിൽ എന്നോട് ചോദ്യം ചോദിക്കാം... എനിക്ക് ഉത്തരം അറിയില്ലെങ്കിൽ നിങ്ങൾക്ക് പോയിന്റ്... ക്വിസ്സ് മാസ്റ്റർ ശ്രീകുമാർ മുഖത്തലയുടെ (ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്) ഈ വിവരണം വന്നതോടെ കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ആകെ ഒരു ഞെട്ടൽ.
ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരമായിരുന്നു വേദി.
മത്സരം ആരംഭിക്കുമ്പോൾ തന്നെ ഒരു അപ്രതീക്ഷിത റൗണ്ട് പ്രതീക്ഷിക്കാം എന്ന് സൂചനയുണ്ടായിരുന്നു. പക്ഷേ ഇത്തരമൊരു ' റിവേഴ്‌സ് റൗണ്ട്' ആകും അത് എന്ന് ആരും കരുതിയില്ല. ചോദ്യകർത്താവിനെ പരീക്ഷിക്കാൻ കിട്ടിയ അവസരം എല്ലാവരും നന്നായി വിനിയോഗിച്ചു. അങ്ങനെ വ്യത്യസ്തതയും അറിവും ഭാഷയുടെ പെരുമയുമെല്ലാം കോർത്തിണക്കിയ പരിപാടിയായി മത്സരം മാറി.
കേരള ചരിത്രം, സംസ്കാരം, സാഹിത്യം, കല, ഭാഷ, രാഷ്ട്രീയം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയ മത്സരത്തെ ആവേശത്തോടെയാണ് ഉദ്യോഗസ്ഥർ ഏറ്റെടുത്തത്. തുടക്കം മുതലേ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ പൊതുമരാമത്ത് വകുപ്പിലെ പി.എസ് സജയഘോഷ്, കെ.എം കിരൺ എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. റവന്യൂ വകുപ്പിലെ എം. ജോസഫ് ജൂഡും എം. ഗീതുവും ഉൾക്കൊള്ളുന്ന ടീം രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ കെ.എസ്.ഇ.ബിയിലെ ടിറ്റോ വി. വില്യം, ദിനേശ് ശങ്കരനാരായണൻ എന്നിവരുടെ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു, ഭരണഭാഷ വാരാഘോഷം പരിപാടി ഏകോപകൻ മജു മനോജ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
- Log in to post comments