Skip to main content

ഇലക്ഷന്‍ ക്വിസ്: അക്ഷയ് പരമേശ്വരനും എമില്‍ എല്‍ദോയും ജേതാക്കള്‍

കാക്കനാട്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന ക്വിസ് മത്സരവുമായി ബന്ധപ്പെട്ട് ജില്ലാടിസ്ഥാനത്തിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മത്സരത്തില്‍ പുളിയനം ജിഎച്ച്എസ്എസിലെ അക്ഷയ് പരമേശ്വരനും എമില്‍ എല്‍ദോയും ജേതാക്കളായി. ഡില്ല ജോണി, ബസ്മ അബ്ദുള്‍ കരീം (എസ്എജിഎച്ച്എസ്എസ്, മുവാറ്റുപുഴ), അനുശ്രീ കെ ദേവ്, മിഥു അന്ന ജോസഫ് (സെന്റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ്എസ്, കോതമംഗലം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 

കളക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന മത്സരത്തില്‍ രണ്ടു പേരടങ്ങുന്ന 13 ടീമുകളാണ് പങ്കെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ 45 ചോദ്യങ്ങളുള്ള ചോദ്യപേപ്പറാണ് എഴുത്തു പരീക്ഷയ്ക്ക് നല്‍കിയത്. ഒരു മണിക്കൂര്‍ സമയമാണ് അനുവദിച്ചിരുന്നത്. 

തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 9 മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ തിരഞ്ഞെടുപ്പ് ക്വിസ് സംഘടിപ്പിക്കുന്നത്. 14 മുതല്‍ 17 വരെ പ്രായമുള്ള ഭാവിയിലെ വോട്ടര്‍മാരെ ശാക്തീകരിക്കുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് സാക്ഷരത പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് നടത്തുന്നത്. 

ജില്ലാതല വിജയികളെ സംസ്ഥാന തലത്തില്‍ മത്സരിപ്പിക്കും. സംസ്ഥാന തല മത്സരത്തില്‍ വിജയിക്കുന്ന സ്‌കൂള്‍ ടീം സോണല്‍ ലെവലില്‍ മത്സരിക്കും. സോണല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സെമി ഫൈനലിലും തുടര്‍ന്ന് ഫൈനലിലും മത്സരിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ലൈലാമ്മ എബ്രഹാം ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. 

date