Skip to main content

സര്‍ക്കാര്‍ ഉത്തരവുകള്‍ പോലെ കോടതി ഭാഷയും മലയാളീകരിക്കണം: പി. ഉബൈദുള്ള എം.എല്‍.എ മലയാള ദിനാഘോഷം-ഭരണഭാഷാവാരാചരണം സമാപിച്ചു

സംസ്ഥാനത്ത് ഭരണ ഭാഷ മലയാളം ആക്കിയതിലൂടെ എല്ലാവര്‍ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ വായിക്കാനും അറിയാനും സാധിക്കുന്നുവെന്നും എന്നാല്‍ കോടതി ഉത്തരവുകള്‍ ഇപ്പോഴും ഇംഗ്ലീഷ് ഭാഷയില്‍ ആണെന്നും ഇത് മലയാളീകരിക്കാന്‍ ഇടപെടല്‍ വേണമെന്നും പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിച്ച മലയാള ദിനാഘോഷവും ഭരണ ഭാഷാ വാരാചരണവും  പരിപാടിയുടെ ജില്ലാതല സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മലയാള ഭാഷ സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. മലയാളി മറ്റു ഭാഷകള്‍ പഠിക്കാന്‍ തയ്യാറാകുന്നത് ആ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഭാഷയുടെ ഉപയോഗം പോലെ തന്നെ കേരളം ഇന്ത്യയ്ക്ക് പല കാര്യത്തിലും മാതൃക ആണ്. മാതൃഭാഷ എല്ലായിടത്തും ഉപയോഗിക്കുകയും അതിനു വേണ്ട പ്രചരണം നല്‍കുകയും വേണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. സാക്ഷരതയില്‍ ഒന്നും രണ്ടും ഘട്ടങ്ങളില്‍ മുന്നിലെത്താന്‍ മലപ്പുറം ജില്ലയ്ക്ക് സാധിച്ചു. 100 ശതമാനം സാക്ഷരത നേടിയ ജില്ലയായി മാറാന്‍ കഴിഞ്ഞ മലപ്പുറം കംപ്യൂട്ടര്‍ സാക്ഷരതയിലും മുന്നേറി. അക്ഷയ പദ്ധതിയുടെ പൈലറ്റ് പ്രൊജക്റ്റ് ആയി ജില്ലയെ തിരഞ്ഞെടുക്കാനും കാരണമായി. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു ഡിഗ്രി തലത്തില്‍ തുല്യത പഠനത്തില്‍ ജില്ലയില്‍ നാലു സെന്ററുകള്‍ യാഥാര്‍ഥ്യമാക്കി. ഡിഗ്രി തുല്യതക്ക് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ ലഭിച്ച ജില്ലയായി മലപ്പുറം മാറിയെന്നും ഉബൈദുല്ല എം.എല്‍.എ പറഞ്ഞു.

ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മിനി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ചു പ്ലസ് ടു തുല്യത പഠിതാക്കള്‍ക്കായി നടത്തിയ കവിതാലാപന മത്സരത്തില്‍ 20 ഓളം പേര്‍ പങ്കെടുത്തു. മത്സരത്തില്‍ എം. ഫസ്ന ഒന്നാം സ്ഥാനം നേടി. എം.പി. ശ്രീപ്രിയ രണ്ടും എം. പാത്തുമ്മകുട്ടി മൂന്നും സ്ഥാനം നേടി. ഇവര്‍ക്ക് യഥാക്രമം, 1500, 1000, 750 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി. സമ്മാനദാനം ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍. പ്രസാദ് മലയാളം ഭാഷ പ്രയോഗവത്ക്കരണം സംബന്ധിച്ചു വിശദീകരണം നടത്തി. ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ മാജിത ഷെറിനെ ആദരിച്ചു. പ്രഥമ പച്ചമലയാളം കോഴ്സ് പൂര്‍ത്തീകരിച്ച ഫാത്തിമ സന, താര ഷെറിന്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് സ്വാഗതം പറഞ്ഞു. കെ. മൊയ്ദീന്‍ കുട്ടി, കൃഷ്ണന്‍ മങ്കട തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍, ജില്ലാ സാക്ഷരത മിഷന്‍ ഓഫീസ് ജീവനക്കാര്‍, തുല്യതാ പഠിതാക്കള്‍, കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date