Skip to main content

ചാച്ചാജി സ്മരണയിൽ വർണത്തുമ്പികളായി കുരുന്നുകൾ : ശ്രദ്ധേയമായി ശിശുദിനറാലി

*ജില്ലാ കളക്ടർ ജി പ്രിയങ്ക ഫ്ലാഗ് ഓഫ്‌ ചെയ്തു

 

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെയും രാഷ്ട്രപിതാവ്

ഗാന്ധിജിയുടെയും വേഷപകർച്ചയുമായി നഗരം കീഴടക്കി കുട്ടികൾ.

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ശിശുദിന റാലിയിലാണ് ഗാന്ധിജിയും ചാച്ചാജിയും

 സൈനികരും ചിരിതൂകുന്ന പുഷ്പങ്ങളുമായൊക്കെ കുട്ടികൾ അണിനിരന്നത്.  

 

ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച റാലി ജില്ലാ കളക്ടർ ജി പ്രിയങ്ക ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികള്‍ എപ്പോഴും അവനവനില്‍ വിശ്വസിക്കുക, അറിവുനേടുക, അനുകമ്പയുള്ളവരാകുക എന്നീ മൂന്ന് കാര്യങ്ങള്‍ മനസില്‍ വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എപ്പോഴും സന്തോഷത്തോടെ ഇരിക്കണം, നന്നായി പഠിച്ച് മുന്നേറാനും ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പുതിയതായി പഠിക്കാനും ശ്രമിക്കണം. എല്ലാവരോടും കനിവോടെയും സഹാനുഭൂതിയോടെയും ഇടപെടണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

കുട്ടികളുടെ പ്രധാനമന്ത്രി മാസ്റ്റര്‍ ജുവാന്‍ ജോബിന്‍ നേതൃത്വം നല്‍കിയ റാലി പ്രിയദര്‍ശിനി ചില്‍ഡ്രന്‍സ് പാര്‍ക്കിലാണ് അവസാനിച്ചത്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന ശിശുദിന സമ്മേളനത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി ശിശുദിന സന്ദേശം നല്‍കി. കുട്ടികളുടെ പ്രസിഡന്റ് റോസ് മേരി ബിനോയ്, കുട്ടികളുടെ സ്പീക്കര്‍ എൽ കാജല്‍ കുമാരി എന്നിവര്‍ സംസാരിച്ചു. 

 

സമാപന സമ്മേളനത്തില്‍ ജില്ലാ ജഡ്ജി ഹണി എം വര്‍ഗീസ് മുഖ്യാതിഥിയായി. റാലിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളുകളെ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ആദരിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ. യേശുദാസ് പറപ്പള്ളി ശിശുദിന സ്റ്റാമ്പ് വിതരണം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ എസ് അരുണ്‍കുമാര്‍, സെക്രട്ടറി അഡ്വ. സുനില്‍ ഹരീന്ദ്രന്‍ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജില്ലയിലെ ഒമ്പത് സ്‌കൂളുകളില്‍ നിന്നായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികൾ പരിപാടിയില്‍ പങ്കെടുത്തു.

 

 

date