Skip to main content

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം : ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 19,33,313 എന്യൂമറേഷൻ ഫോമുകൾ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫോം വിതരണം ആരംഭിച്ച് പതിനൊന്നാം ദിവസം ഉച്ചയ്ക്ക് 2 വരെ ( നവംബർ 14) ജില്ലയിൽ ആകെ 19,33,313 എന്യൂമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്. 

 

ഏറ്റവും കൂടുതൽ ഫോമുകൾ വിതരണം ചെയ്തത് കുന്നത്തുനാട് നിയമസഭ മണ്ഡലത്തിലാണ് , 161673 ഫോമുകൾ (85.14 ശതമാനം). പെരുമ്പാവൂർ, അങ്കമാലി, വൈപ്പിൻ, മണ്ഡലങ്ങളിലും വിതരണം 80 ശതമാനം പിന്നിട്ടിട്ടുണ്ട്.

 

ആകെ 2325 ബി.എൽ.ഒ (ബൂത്ത് ലെവൽ ഓഫിസർ)മാരെയാണ് ഫോം വിതരണത്തിന് നിയോഗിച്ചിരിക്കുന്നത്. ബി.എൽ.ഒമാരും ബി.എൽ.ഒ സൂപ്പർവൈസർമാരും, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മികച്ച പ്രവർത്തനമാണ് കാഴ്ചവക്കുന്നതെന്നും അവരെ അഭിനന്ദിക്കുന്നു എന്നും ജില്ലാ കളക്ടർ പറഞ്ഞു.

 

നഗര മേഖലകളിൽ ഫോം വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ റസിഡന്റ്സ് അസോസിയേഷനുകളുടെയും ഫ്ലാറ്റ് അസോസിയേഷനുകളുടെയും സഹകരണം ഉറപ്പുവരുത്തുന്നതിന് പ്രത്യേക യോഗം വിളിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

ഏതെങ്കിലും കാരണവശാൽ ആർക്കെങ്കിലും എന്യൂമറേഷൻ ഫോം ലഭിക്കാത്ത സാഹചര്യം ഉണ്ടെങ്കിൽ, അവർക്ക് ബി.എൽ.ഒ മാരെ നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്. 

ഓൺലൈൻ വഴി ഫോം സമർപ്പിക്കാനും അവസരമുണ്ടാകും.

 

*ബൂത്ത് ലെവൽ ഓഫീസർ ആരെന്ന് എങ്ങനെ കണ്ടെത്താം*

 

* https://voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

• വെബ്സൈറ്റ് തുറന്നു വരുമ്പോൾ, ഹോം പേജിൽ കാണുന്ന "Search Your Name in Voter List" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

 

• അടുത്ത പേജിൽ, "Know Your Polling Officials" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

 

• തുറന്നു വരുന്ന കോളത്തിൽ, നിങ്ങളുടെ EPIC നമ്പർ (തിരിച്ചറിയൽ കാർഡ് നമ്പർ) കൃത്യമായി ടൈപ്പ് ചെയ്യുക.

 

• EPIC നമ്പർ നൽകി കഴിയുമ്പോൾ, നിങ്ങളുടെ BLO യുടെ വിശദാംശങ്ങൾ (പേര്, കോൺടാക്റ്റ് വിവരങ്ങൾ) സ്ക്രീനിൽ കാണാൻ കഴിയും 

 

ഓൺലൈനായി എന്യൂമറേഷൻ ഫോം ഫിൽ ചെയ്യുന്നതിന്, ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച്. സൈൻ അപ്പ്‌ ചെയ്ത് വിവരങ്ങൾ നൽകി, ഓൺലൈനായി ഫോം പൂരിപ്പിച്ച് നൽകാവുന്നതാണ്.

 

കളക്ടറുടെ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി കളക്ടർമാരായ സുനിൽ മാത്യു, വി. ഇ അബ്ബാസ്, കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.

 

 

date