Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം നിയമപരമാണോയെന്ന് പരിശോധിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും.
ജില്ലാ തലത്തില്‍ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കലക്ടര്‍/ സബ് കലക്ടര്‍/ ഡെപ്യൂട്ടി കലക്ടറിന്റെ നേതൃത്വത്തില്‍ ഒരു സ്‌ക്വാഡും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍/  ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു സ്‌ക്വാഡും രൂപീകരിക്കും. നോട്ടീസ്, ബാനര്‍, ബോര്‍ഡ്, പോസ്റ്റര്‍, ചുവരെഴുത്ത്, മൈക്ക് അനൗണ്‍സ്‌മെന്റ്, പൊതുയോഗം, മീറ്റിംഗ്, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനെയുള്ള പ്രചാരണ പരിപാടി എന്നിവയുടെ നിയമസാധുത സ്‌ക്വാഡ് പരിശോധിക്കും.
നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് മുതലായവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ ഉത്തരവ് പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്ന് സ്‌ക്വാഡ് പരിശോധിക്കും.
നിയമപരമല്ലാത്ത പ്രചാരണപരിപാടി അനുവദിക്കില്ല. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസ്, ബാനര്‍, ചുവരെഴുത്ത്, പോസ്റ്റര്‍, ബോര്‍ഡ് എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കും. അനധികൃതമായതും അനുവദനീയമല്ലാത്ത രീതിയിലുള്ള മൈക്ക് അനൗണ്‍സ്‌മെന്റ് അനുവദിക്കില്ല. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപോകുന്നതിന് തടസമാകുന്ന രീതിയില്‍ അനുമതിയില്ലാതെയും പൊതുവഴി കൈയേറിയും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ്, കമാനം, ബാനര്‍ എന്നിവ മാറ്റുന്നതിന് സ്ഥാപിച്ചവരോട് ആവശ്യപ്പെടും. നീക്കം ചെയ്തില്ലെങ്കില്‍ അവ എടുത്തുമാറ്റി നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കും. പൊതുജനം അറിയിക്കുന്ന പരാതികളും സ്‌ക്വാഡ് പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കും.

date