Skip to main content

അന്ധത, അവശതകളുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായിയെ കൂട്ടാം; സഹായിയുടെ വലതു ചൂണ്ട് വിരലില്‍ മഷി പുരട്ടും

അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താന്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലേക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കും. സമ്മതിദായകന് പരസഹായം കൂടാതെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ, ബട്ടണ്‍ അമര്‍ത്തി വോട്ടു രേഖപ്പെടുത്തുന്നതിനോ കഴിയുന്നില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതനുവദിക്കൂ. ഇത്തരത്തില്‍ അനുവദിക്കുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ മഷിപുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും.
സ്ഥാനാര്‍ഥിയെയും പോളിങ് ഏജന്റിനെയും ഇത്തരത്തില്‍ സഹായിയാകാന്‍ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാന്‍ മതിയായ കാരണമല്ല. ഒരാളെ ഏതൊരു പോളിംഗ് സ്റ്റേഷനിലും ഒന്നിലധികം സമ്മതിദായകരുടെ സഹായിയായി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കില്ല.
താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുമെന്നും അതേ ദിവസത്തില്‍ മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണം. ഈ ഫോറം പ്രത്യേക കവറില്‍ പ്രിസൈഡിങ് ഓഫീസര്‍ വരണാധികാരിക്ക് അയച്ചുനല്‍കും.

   

date