തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് മാധ്യമങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പാലിക്കേണ്ട പൊതുവായ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ചുവടെ:
1. ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന 48 മണിക്കൂര്‍ കാലയളവില്‍ യാതൊരാളും ആ നിയോജകമണ്ഡലങ്ങളില്‍ ഏതെങ്കിലും പൊതുയോഗം വിളിച്ചു കൂട്ടുകയോ, നടത്തുകയോ അല്ലെങ്കില്‍ അതില്‍ സന്നിഹിതനാകുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്ന് കേരള പഞ്ചായത്ത് രാജ് ആക്ടിലെ 122-ാം വകുപ്പിലും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 146-ാം വകുപ്പിലും അനുശാസിച്ചിട്ടുണ്ട്. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 126 ലെ വ്യവസ്ഥകള്‍ തദ്ദേശസ്വയംഭരണപൊതുതിരഞ്ഞെടുപ്പിനും ബാധകമായിരിക്കും.
2. ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയോ സ്ഥാനാര്‍ഥിക്കോ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്‌സിറ്റ് പോള്‍ നടത്തുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനം മറ്റുള്ളവരെ അറിയിക്കുന്നതും തടഞ്ഞുകൊണ്ടുള്ള 1951 ജനപ്രാതിനിധ്യ നിയമത്തിലെ 126 (എ) വകുപ്പിലെ വ്യവസ്ഥകള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും ബാധകമായിരിക്കും.
3. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധമാധ്യമങ്ങളില്‍ നിയമാനുസൃതമായി പരസ്യങ്ങള്‍ നല്‍കേണ്ടതാണ്. അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ പാടില്ല.
4.ബന്ധപ്പെട്ട ടിവി/റേഡിയോ/കേബിള്‍/എഫ്എം ചാനലുകള്‍/ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകള്‍/സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്ക് ഏതെങ്കിലും പ്രക്ഷേപണ/ടെലികാസ്റ്റുമായി ബന്ധപ്പെട്ട പരിപാടികള്‍ (എക്‌സിറ്റ് പോളുകള്‍ ഒഴികെ) നടത്തുന്നതിന് ആവശ്യമായ അനുമതിക്കായി സംസ്ഥാന/ജില്ലാ/തദ്ദേശ അധികാരികളെ സമീപിക്കാം. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍, കേബിള്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്‍) നിയമപ്രകാരം മര്യാദ, സാമുദായിക ഐക്യം നിലനിര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആക്ട് 2000, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.
5. ഒരു സ്ഥാനാര്‍ഥിയെയോ/പാര്‍ട്ടിയെയോ ഉയര്‍ത്തിക്കാട്ടുന്നതിനായി സാമ്പത്തികമായോ അല്ലാതെയോ ഉള്ള ഒരു പ്രലോഭനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ വഴങ്ങരുത്. ഏതെങ്കിലും സ്ഥാനാര്‍ഥിയുടെയോ/പാര്‍ട്ടിയുടെയോ പേരില്‍ വാഗ്ദാനം ചെയ്യുന്ന സല്‍ക്കാരമോ മറ്റ് സൗകര്യങ്ങളോ സ്വീകരിക്കാന്‍ പാടില്ല.
6. ഒരു പ്രത്യേക സ്ഥാനാര്‍ഥിയുടെയോ/പാര്‍ട്ടിയുടെയോ പ്രചാരണത്തില്‍ ഏര്‍പ്പെടുന്നത് ഉചിതമല്ല. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ മറ്റ് സ്ഥാനാര്‍ഥിക്ക്/ പാര്‍ട്ടിക്ക് മറുപടി നല്‍കാനുള്ള അവകാശം അനുവദിക്കണം.
7. തിരഞ്ഞെടുപ്പ് കമ്മീഷന്‍/ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍/ വരണാധികാരി/ മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും/ ഉത്തരവുകളും/പാലിക്കേണ്ടതാണ്.
- Log in to post comments