Skip to main content

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീന്‍ തയ്യാറായി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തയ്യാറായതായി ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ 2,180 കണ്‍ട്രോള്‍ യൂണിറ്റും  6,184 ബാലറ്റ് യൂണിറ്റുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.
ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ നവംബര്‍ 29, 30 ഡിസംബര്‍ 1 തീയതികളില്‍ കലക്ടറേറ്റ് പരിസരത്തെ സ്ട്രോംഗ് റൂമില്‍ നിന്ന് വിതരണം ചെയ്യും. നവംബര്‍ 29 ന് പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലെയും പുളിക്കീഴ്, കോയിപ്രം ബ്ലോക്കിലെയും നവംബര്‍ 30 ന് മല്ലപ്പള്ളി, കോന്നി, ഇലന്തൂര്‍ ബ്ലോക്കിലെയും ഡിസംബര്‍ ഒന്നിന് പന്തളം, റാന്നി, പറക്കോട് ബ്ലോക്കിലെയും വോട്ടിംഗ് മെഷീന്‍ വിതരണം ചെയ്യും.  
ഡിസംബര്‍ മൂന്ന് മുതല്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് സജ്ജമാക്കും. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം വിതരണകേന്ദ്രങ്ങളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. അവ വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മറ്റ് പോളിങ് സാമഗ്രികള്‍ക്കൊപ്പം വിതരണം ചെയ്യും.
പൊതുതിരഞ്ഞെടുപ്പിന് മള്‍ട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുക. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിംഗ് കംപാര്‍ട്ട്മെന്റില്‍ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭകളില്‍ ഒന്നു വീതം കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.
ഒരു ബാലറ്റ് യൂണിറ്റില്‍ 15 വരെ സ്ഥാനാര്‍ഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 15 ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാര്‍ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക.

date