എസ്. ഐ. ആർ: എന്യൂമറേഷൻ ഫോം സ്വീകരിക്കാൻ ഇന്നും നാളെയും എല്ലാ ബൂത്തുകളിലും കളക്ഷൻ ക്യാമ്പുകൾ
തീവ്ര വോട്ടർപട്ടിക പുതുക്കലുമായി ( എസ് ഐ ആർ) ബന്ധപ്പെട്ട് വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകൾ തിരികെ നൽകുന്നതിനായി ഇന്നും നാളെയും (നവംബർ 29, 30) ജില്ലയിലെ എല്ലാ ബൂത്തുകളിലും കളക്ഷൻ ക്യാമ്പുകൾ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫോമുകൾ ഇതുവരെ തിരികെ നൽകാത്തവർക്ക് കളക്ഷൻ ക്യാമ്പുകളിൽ നേരിട്ടെത്തി ഇവ സമർപ്പിക്കാം. എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കാൻ ഇനി ഒരാഴ്ചയാണ് ഉള്ളത്. ഫോമുകൾ പൂരിപ്പിച്ചു നൽകാനുള്ളവർ നിർബന്ധമായും ഈ അവസരം വിനിയോഗിക്കണം.
ക്യാമ്പുകളിലൂടെ ശേഖരിക്കുന്ന ഫോമുകളുടെ ഡിജിറ്റൈസേഷൻ എത്രയും വേഗം പൂർത്തീകരിക്കും. തുടർന്ന് ബൂത്ത് തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കും. കൂടാതെ ബൂത്ത് അടിസ്ഥാനത്തിൽ ബി.എൽ.ഒ (ബൂത്ത് ലെവൽ ഓഫീസർ), ബി.എൽ.എ ( ബൂത്ത് ലെവൽ ഏജൻ്റ്) എന്നിവരുടെ യോഗം ചേരും. മരണം, സ്ഥലംമാറ്റം തുടങ്ങിയ കാരണങ്ങളാൽ ഫോം ലഭിക്കാത്തവരുടെ പട്ടിക യോഗത്തിൽ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും - ജില്ലാ കളക്ടർ പറഞ്ഞു.
26 ലക്ഷത്തിലധികം ഫോമുകളാണ് ജില്ലയിൽ വിതരണം ചെയ്തത്. ഇതുവരെ 60 ശതമാനത്തോളം എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റൈസ് ചെയ്തു.
- Log in to post comments