Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം പാലിക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായ പരസ്യപ്രചാരണത്തില്‍  ശബ്ദ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു. പ്രചാരണ വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗണ്‍സ്‌മെന്‍്, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനം എന്നിവ കേള്‍പ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്.
പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. അനുവദനീയമായ സമയപരിധിക്ക് മുമ്പോ ശേഷമോ ഉള്ള അനൗണ്‍സ്‌മെന്റും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയ പരിസരങ്ങള്‍ ഉള്‍പ്പടെ നിശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ശബ്ദപ്രചാരണം പൂര്‍ണമായും ഒഴിവാക്കണം.
പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവൂ. സ്ഥാനാര്‍ഥികളെ സ്വീകരിക്കുമ്പോള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് ലൈസന്‍സ് ആവശ്യമാണ്.
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശബ്ദമലിനീകരണം, പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണം ഊര്‍ജ്ജിതമാക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും നിരീക്ഷകര്‍ക്കും നിര്‍ദേശം നല്‍കി.
 

date