Skip to main content
കെ.എസ്.ഇ.ബി.യുടെ അമ്പലവയല്‍ 66 കെ.വി.സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം മന്ത്രി എം.എം.മണി നിര്‍വഹിക്കുന്നു

24 ചെറുകിട പദ്ധതികള്‍ നിര്‍മ്മാണ ഘട്ടത്തില്‍                                                                                                                                                                                                                   

 

                                                                                                                                            

                                വൈദ്യുതി ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍  24 ചെറുകിട പദ്ധതികളുടെ നിര്‍മാണം  പുരോഗതിയിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു.  കെ.എസ്.ഇ.ബി.യുടെ അമ്പലവയല്‍ 66 കെ.വി.സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ഇപ്പോള്‍ 15 ശതമാനം വരുന്ന പ്രസരണ നഷ്ടം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.  ജല വൈദ്യുതിക്ക് പുറമേ കാറ്റ്, സൗരോര്‍ജ്ജം എന്നിവയുടെ സാധ്യതകളും തേടുന്നുണ്ട്.   പ്രതികൂല സാഹചര്യത്തിലും കറണ്ട് കട്ട് ഇല്ലാതെ പോകാന്‍ കഴിഞ്ഞതും സമ്പൂര്‍ണ്ണ വൈദ്യുതീകരണം സംസ്ഥാനത്ത്  നടപ്പാക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

 

66 കെ.വി. കണിയാമ്പറ്റ-സുല്‍ത്താന്‍ ബത്തേരി ലൈനില്‍ നിന്നും, കൊളഗപ്പാറ കവല മുതല്‍ അമ്പലവയല്‍ വരെ 110 കെ.വി. നിലവാരത്തില്‍ അഞ്ച് കിലോമീറ്റര്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിച്ച് ഒരു 110 കെ.വി. സബ് സ്റ്റേഷന്‍ അമ്പലവയലില്‍ നിര്‍മ്മിക്കുന്നതിന് 1256 ലക്ഷം രൂപയ്ക്ക് കെ.എസ്.ഇ.ബി. ലിമിറ്റഡ് ഭരണാനുമതി നല്‍കി.  റവന്യൂ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 1 ഏക്കര്‍ 4 സെന്റ് സ്ഥലം 82 ലക്ഷം രൂപയ്ക്ക് വിലയ്ക്ക് വാങ്ങിയാണ് സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്.  സുല്‍ത്താന്‍ ബത്തേരി ലൈനും സബ് സ്റ്റേഷനും 110 കെ.വി. ആയി ഉയര്‍ത്തുമ്പോള്‍ അമ്പലവയല്‍ സബ് സ്റ്റേഷന്‍ 110 കെ.വി.ആകും.

                66 കെ.വി. സബ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അമ്പലവയല്‍, മേപ്പാടി, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി സെക്ഷനുകളുടെ പരിധിയിലുള്ള നാല്‍പ്പതിനായിരം ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട വൈദ്യുതി പരമാവധി തടസ്സം കൂടാതെ ലഭ്യമാക്കുവാനും പ്രദേശത്ത് 20 ശതമാനത്തോളം വോള്‍ട്ടേജ് വര്‍ദ്ധിപ്പിക്കുവാനും പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കുവാനും സാധിക്കും.  കൂടാതെ ജില്ലയില്‍ പരിഗണനയിലുള്ള വിവിധ ചെറുകിട ജല വൈദ്യുത പദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ പ്രസരണം സുഗമമാക്കാനും അമ്പലവല്‍ സബ് സ്റ്റേഷന്‍ ഭാവിയില്‍ ഉപകാരപ്രദമാകും.

                ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍,  സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, ജില്ലാ പഞ്ചായത്ത് അംഗം  കുഞ്ഞുമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ രാജു, ട്രാന്‍സിഷന്‍ ഡയറക്ടര്‍ പി.വിജയകുമാരി, ചീഫ് എന്‍ജിനിയര്‍ ജെയിംസ് എം.ഡേവിഡ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പി.പ്രസന്നഎം.യു.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. 

 

 

date