ഇന്നസെന്റ് എംപിയുടെ പ്രാദേശിക ഫണ്ട്: 28.35 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി
എം.പി ഫണ്ട് വിനിയോഗത്തില്‍ നേട്ടം കുറിച്ച് ഇന്നസെന്റ് എം.പി. അഞ്ചു വര്‍ഷം കൊണ്ട് എം.പി ഫണ്ട് ഇനത്തില്‍ ലഭിക്കുന്ന നൂറു ശതമാനം തുകയ്ക്കും ഭരണാനുമതി ലഭ്യമാക്കിയതായി എംപി അറിയിച്ചു.ഇതോടെ മുഴുവന്‍ തുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കപ്പെടുമെന്നുറപ്പായി. എം.പി നിര്‍ദ്ദേശിച്ച 28.35 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് ഇതിനകം ഭരണാനുമതി ലഭ്യമായത്.
അഞ്ചു വര്‍ഷം കൊണ്ട് 25 കോടി രൂപയാണ് ഇന്നസെന്റ് എംപിക്ക് എം.പി ഫണ്ട് ഇനത്തില്‍ ലഭ്യമായത്. മുന്‍ എം.പിമാരുടെ ചെലവഴിക്കപ്പെടാത്ത മിച്ചവും ബാങ്ക് പലിശയും കൂട്ടിച്ചേര്‍ത്ത് 3.16 കോടി രൂപ അധികമായും ലഭിച്ചു. വിവിധ പദ്ധതികളില്‍ നിന്ന് മിച്ചം വരുന്ന തുകയും ചേര്‍ത്ത,് ആകെ 28.35 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കി.
പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതനുസരിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇതിനകം പണമായി ലഭിച്ച 15 കോടി രൂപ പൂര്‍ണമായും ചെലവഴിച്ചു. പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ബില്ലു പ്രകാരമുള്ള തുക കൈമാറുമ്പോള്‍ മാത്രമാണ് ഫണ്ട് ചെലവഴിച്ചതായി രേഖപ്പെടുത്തുക.
അഞ്ചു വര്‍ഷങ്ങളിലായി 396 വികസന പദ്ധതികളാണ് എംപി ലോകസഭാ മണ്ഡലത്തില്‍ നിര്‍ദ്ദേശിച്ചത്. ഇതില്‍166 എണ്ണം പൂര്‍ത്തിയായി. അവശേഷിക്കുന്നവ നിര്‍മ്മാണ ഘട്ടത്തിലാണ്. പട്ടികജാതി വിഭാഗത്തിനായി 51 ഉം പട്ടിക വര്‍ഗ വിഭാഗത്തിനായി 14 ഉം പദ്ധതികളാണ് നടപ്പാക്കിയത്.
ലോകസഭാ മണ്ഡലത്തിലെ ആരോഗ്യ- വിദ്യഭ്യാസ - കുടിവെള്ള - പശ്ചാത്തല സൗകര്യ വികസന മേഖലകളില്‍ ശ്രദ്ധേയമായ പദ്ധതികള്‍ നടപ്പാക്കിയതായി എം.പി അറിയിച്ചു. അഞ്ചു താലൂക്കാശുപത്രികളിലായി 5 മാമോഗ്രാം യൂണിറ്റുകള്‍, 2 ഡയാലിസിസ് യൂണിറ്റുകള്‍, 30 സ്‌കൂള്‍ ബസ്, 200 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്‌ളാസുകള്‍, 200 കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, 15 കുടിവെള്ള പദ്ധതികള്‍, 7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടം., 15 സ്‌കൂളുകള്‍ക്ക് കെട്ടിടം, എല്ലാ ആശുപത്രികള്‍ക്കും ലാബ് തുടങ്ങി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി.
എംപി ഫണ്ടിന് രാജ്യത്താദ്യമായി സോഷ്യല്‍ ഓഡിറ്റ് ഏര്‍പ്പെടുത്തിയത് ചാലക്കുടിയിലാണ്. ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പദ്ധതി നിര്‍മ്മാണം നടത്തിയതും പ്രത്യേകതയാണ്. മികച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചവര്‍ക്ക് ഉപഹാരങ്ങളും നല്‍കി.
എംപി ഫണ്ടുപയോഗിച്ച് ലോകസഭാ മണ്ഡലത്തിലെ വികസനാവശ്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ നിറവേറ്റാനാണ് ശ്രമിച്ചതെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു. ലഭിച്ച മുഴുവന്‍ തുകയും വിനിയോഗിക്കാന്‍ കഴിഞ്ഞത് നേട്ടമായെന്നും എം.പി അറിയിച്ചു.
- Log in to post comments