ജില്ലാപഞ്ചായത്ത് പ്രസിഡന്റായി പി.എ ജബ്ബാര്‍ ഹാജിയും വൈസ് പ്രസിഡന്റായി അഡ്വ. എ.പി സ്മിജിയും ചുമതലയേറ്റു
മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി പി.എ ജബ്ബാര്‍ ഹാജിയും വൈസ് പ്രസിഡന്റായി അഡ്വ. എ.പി സ്മിജിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ജബ്ബാര്‍ ഹാജിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അരീക്കോട് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എ ജബ്ബാര്‍ ഹാജി. ജില്ലാപഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തിൽ വരണാധികാരി കൂടിയായ ജില്ലാകളക്ടർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുത്തനത്താണി ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വെട്ടം ആലിക്കോയയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.എ ജബ്ബാര്‍ ഹാജിയെ നാമനിര്‍ദേശം ചെയ്തത്. വഴിക്കടവ് ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എന്‍.എ കരീം പിന്തുണച്ചു.
ജില്ലാ പഞ്ചായത്ത് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഉച്ചയ്ക്ക് 2.30ന് നടന്ന ചടങ്ങിലാണ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായി അഡ്വ. എ.പി സ്മിജി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. താനാളൂര്‍ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് സ്മിജി. പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളില്‍ നടന്ന യോഗത്തില്‍ എടവണ്ണ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ.ടി അഫ്റഫാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. എ.പി സ്മിജിയെ നാമനിര്‍ദേശം ചെയ്തത്. വണ്ടൂര്‍ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആലിപ്പറ്റ ജമീല പിന്തുണച്ചു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ കെ.പി.എ മജീദ്, പി. അബ്ദുള്‍ ഹമീദ്, യു.എ ലത്തീഫ്, പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, മുൻ എം.എൽ.എ കെ.എൻ എ ഖാദർ, ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.കെ റഫീഖ, മുന്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
- Log in to post comments