എ മഹേന്ദ്രൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ. ഷീന സനൽകുമാർ വൈസ് പ്രസിഡൻ്റ്
ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ ഒമ്പതാമത് പ്രസിഡന്റായി നൂറനാട് ഡിവിഷൻ അംഗം എ മഹേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് എ മഹേന്ദ്രൻ (എൽഡിഎഫ്) നേടിയത്. എതിര് സ്ഥാനാര്‍ഥി പള്ളിപ്പാട് ഡിവിഷനില്‍ നിന്നുള്ള ജോൺ തോമസ് (യുഡിഎഫ്) എട്ട് വോട്ടുകൾ നേടി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വരണാധികാരിയും ജില്ലാ കളക്ടറുമായ അലക്സ് വർഗീസ് പ്രസിഡൻ്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടി ആര്യാട് ഡിവിഷൻ അംഗം അഡ്വ. ഷീന സനൽകുമാർ (എൽഡിഎഫ്) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ വൈസ് പ്രസിഡൻ്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. എതിര് സ്ഥാനാര്‍ഥി മുതുകുളം ഡിവിഷനില്‍ നിന്നുള്ള ബബിത ജയൻ (യുഡിഎഫ്) എട്ട് വോട്ടുകൾ നേടി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പ് ജനുവരി ആറിന് രാവിലെ 10.30 ന് നടക്കും.
എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, എഡിഎം ആശാ സി എബ്രഹാം, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ് ബിജു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ നാസർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാർ, കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എ മഹേന്ദ്രൻ
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ മഹേന്ദ്രൻ മാവേലിക്കര താലൂക്കിൽ പെരിങ്ങാല വില്ലേജിൽ മേനാമ്പള്ളി മുറിയിൽ വല്യയ്യത് കിഴക്കതിൽ അർജുനൻ ആചാരിയുടെയും ഭവാനിയമ്മാളുടെയും മകനായി 1968 ൽ ജനിച്ചു. ഭഗവതിപ്പടി എൽപിഎസ് ചെട്ടികുളങ്ങര, നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.1995 ൽ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ്, 2005 - 2010 ൽ അതേ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്. 2010 - 2015 മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് 2015 - 2020 സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം, 2020 - 25 ആലപ്പി കോ - ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാൻ, മുഖ്യമന്ത്രി ചെയർമാനായ സംസ്ഥാന ജയിൽ അഡ്വൈസറി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
അഡ്വ. ഷീന സനൽകുമാർ
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷീന സനൽകുമാർ പുന്നപ്ര വടക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന പി കെ രതിയുടെയും ഇ എം പ്രഭാകരന്റെയും മകളായി പുന്നപ്രയിൽ ജനിച്ചു. എം എസ് സി, ബിഎഡ്, എൽഎൽബി ബിരുദധാരിയാണ്. 2015-20 കാലയളവിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിക്കവെ നടപ്പിലാക്കിയ 'ആർദ്രമീ ആര്യാട്', 'മയിൽപീലിക്കൂട്ടം' എന്നീ ജനക്ഷേമ പദ്ധതികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് 2020-25 കാലയളവിൽ ആര്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
മുൻ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ടി ജി സനൽകുമാറാണ് ഭർത്താവ്. അഡ്വ. ഗോപിക സനൽ, അഡ്വ. കൃഷ്ണ സനൽ എന്നിവർ മക്കളാണ്. പുന്നപ്ര മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി കെ വിജയൻ അമ്മാവനാണ്.
- Log in to post comments