Skip to main content

ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കം

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കേരള ഇൻഫ്രാസ്ട്രക്ചർ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്സ്  ഐ.ടി. ക്ലബ്ബുകളിലെ കുട്ടികള്‍ക്കായുള്ള ഉപജില്ലാതല ദ്വിദിന ക്യാമ്പുകള്‍ക്ക് തുടക്കമായി. ജനുവരി മൂന്ന്  വരെ വിവിധ കേന്ദ്രങ്ങളിലായിട്ടാണ്  ക്യാമ്പുകള്‍ നടക്കുന്നത്.

ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിര്‍ണയം സാധ്യമാകുന്നതെങ്ങനെയെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെങ്ങനെയെന്നും ഇതിന് സഹായിക്കുന്ന പ്രോട്ടോടൈപ്പുകള്‍, പ്രോഗ്രാമിംഗ് വിഭാഗത്തില്‍ ഓരോ കുട്ടിയും തയ്യാറാക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പുകളുടെ പ്രത്യേകത.

ജില്ലയിലെ 150 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളില്‍ നിലവില്‍  4624 അംഗങ്ങളാണുള്ളത്.  സ്കൂള്‍തല ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട  976 കുട്ടികളാണ്  11 ഉപജില്ലകളില്‍ നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്.

ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുള്ള മുഴുവന്‍ ഹൈസ്ക്കൂളുകള്‍ക്കും നിലവിലുള്ള റോബോട്ടിക് കിറ്റുകള്‍ക്ക് പുറമെ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ ജനുവരി മാസം തന്നെ ലഭ്യമാക്കുമെന്ന് ക്യാമ്പില്‍ ഓൺലൈനായി  ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.

ക്യാമ്പില്‍ കാലാവസ്ഥാ പ്രവചന സംവിധാനത്തോടൊപ്പം അനിമേഷന്‍ വിഭാഗത്തില്‍ സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളായ ഓപ്പണ്‍ ടൂണ്‍സ്, ബ്ലെന്‍ഡര്‍ തുടങ്ങിയവ ഉപയോഗിച്ച് ഷോര്‍ട്ട് വീഡിയോകളും കുട്ടികള്‍ തയ്യാറാക്കും. 
 

date