Skip to main content

സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം: കര്‍മ്മസേനാംഗങ്ങളുടെ പരിശീലനത്തിന് തുടക്കം *വികസന-ക്ഷേമ പ്രവര്‍ത്തങ്ങളില്‍ പൊതുജന അഭിപ്രായം സ്വീകരിക്കുന്നത് മികച്ച മാതൃക: ജില്ലാ കളക്ടര്‍*

വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുക എന്ന മികച്ച മാതൃകയാണ് സംസ്ഥാന സര്‍ക്കാരിന്റെ സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിലൂടെ നടപ്പാകുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്. കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

ആരോഗ്യം, സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത തുടങ്ങി പല മേഖലകളിലും കേരളം മാതൃകയാണ്.  ഇതുവരെയുള്ള വികസന-ക്ഷേമ പ്രവര്‍ത്തങ്ങള്‍ എത്രത്തോളം ഫലപ്രദമായിരുന്നുവെന്നും വരും വര്‍ഷങ്ങളില്‍ വികസനപ്രവര്‍ത്തങ്ങള്‍ എപ്രകാരം മുന്നോട്ടു കൊണ്ടുപോകണമെന്നുമുള്ള പൊതുജന അഭിപ്രായം രേഖപ്പെടുത്തലാണ് സിറ്റിസണ്‍ റെസ്‌പോണ്‍സ് പരിപാടിയുടെ ലക്ഷ്യം.

നവകേരള സദസ്, വികസന സദസ് തുടങ്ങി സമാനമായ പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുകയും അതുവഴി പ്രാദേശിക തലത്തിലുള്‍പ്പെടെ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്തിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന-ജില്ലാതല സംവിധാനങ്ങളും മുഖ്യമന്ത്രി എന്നോടൊപ്പം എന്ന പരിപാടിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതുവഴി ജനങ്ങളുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കാന്‍ സാധിച്ചു. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും വിവിധ സമിതികള്‍ കൃത്യമായ വിലയിരുത്തലുകളും നടത്തുന്നു. കര്‍മ്മസേനാംഗങ്ങള്‍ അര്‍പ്പിത മനോഭാവത്തോടെ പരിപാടിയില്‍ പങ്കെടുക്കണമെന്നും സിറ്റിസണ്‍ റെസ്‌പോണ്‍സ് പരിപാടി മികച്ച വിജയമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ജനുവരി 13 വരെ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ 25 കേന്ദ്രങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഓണ്‍ലൈനായി നടന്ന ഉദ്ഘാടനയോഗത്തില്‍ പബ്ലിക് റിലേഷന്‍ വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാതല നിര്‍വ്വഹണ സമിതി കണ്‍വീനറുമായ പ്രമോദ് കുമാര്‍ കെ.ആര്‍. സ്വാഗതം ആശംസിച്ചു. ജില്ലാതല സമിതി അംഗങ്ങളായ അജയ് കൃഷ്ണ, മധു പി.വി, പി.എം. ഫിറോസ്, കെ.കെ. ഷാജി, പി.വി. സാബു വിവിധ നിയോജക മണ്ഡലങ്ങളിലെ കര്‍മ്മസേനാംഗങ്ങള്‍ പങ്കെടുത്തു.

date