കഞ്ചിക്കോട് അതിഥി തൊഴിലാളിയുടെ മരണം
പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം പ്രദേശത്ത് വെച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണൻ ബാഗേൽ (40) എന്ന അതിഥി തൊഴിലാളി ദാരുണമായി മരണപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകവും ഗൗരവകരവുമാണ് .
ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സംഭവത്തിൽ ഉൾപ്പെട്ടവരെ പ്രതിചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നിയമനടപടി സ്വീകരിക്കും.
മരിച്ച രാം നാരായണൻ ഒരാഴ്ച മുൻപ് മാത്രമാണ് തൊഴിൽ തേടി കഞ്ചിക്കോട് എത്തിയത് എന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ അദ്ദേഹം തൊഴിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു .
സാങ്കേതികമായി രജിസ്റ്റർ ചെയ്ത തൊഴിലാളി അല്ലാത്തതിനാൽ കുടിയേറ്റ തൊഴിലാളി നിയമപ്രകാരമുള്ള ധനസഹായത്തിന് ഇദ്ദേഹത്തിന് അർഹതയില്ലെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇതൊരു മാനുഷിക പ്രശ്‌നമായി കണ്ട്, മൃതദേഹം ഛത്തീസ്ഗഡിലെ വസതിയിൽ എത്തിക്കാനുള്ള ചെലവും ക്രമീകരണങ്ങളും സർക്കാർ മുൻകൈയ്യെടുത്ത് നടപ്പാക്കും.
മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ ഭാഗത്തുനിന്നുണ്ടായ വിസമ്മതം മൂലം തടസ്സങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത് പരിഹരിക്കാൻ ജില്ലാ ലേബർ ഓഫീസർക്കും ജില്ലാ ഭരണകൂടത്തിനും അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്.
- Log in to post comments