ഉയരെ; ജെന്‍ഡര്‍ ക്യാമ്പയിന്‍ ജനുവരി ഒന്നിന്
വിഷന്‍ 2031 ന്റെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന 'ഉയരെ ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം' എന്ന ജെന്‍ഡര്‍ ക്യാമ്പയിന്‍ ജില്ലയില്‍ നാളെ (ജനുവരി 1) തുടങ്ങും.
നാളെ (ജനുവരി 1) വൈകീട്ട് ആറിന് ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി, വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, മാനസിക മേഖലകളിലെ ഉന്നമനമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. സ്ത്രീകള്‍ക്ക് സുരക്ഷിതവും മാന്യവുമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുക, തുല്യനീതി ഉറപ്പാക്കുക തുടങ്ങിയവയ്ക്കായി സമഗ്രമായ ഇടപെടലുകളും പദ്ധതിയിലുടെ ലക്ഷ്യമിടുന്നു.
ദേശീയ ജെന്‍ഡര്‍ ക്യാമ്പയിനായ 'നയീ ചേതന 4.0' യുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകളില്‍ സംരംഭകത്വം വളര്‍ത്തുക, ദാരിദ്ര്യനിര്‍മ്മാര്‍ജനം സാധ്യമാക്കുക, വേതനാധിഷ്ഠിത തൊഴില്‍ അവസരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, സുരക്ഷിത തൊഴില്‍ സാഹചര്യം ഉറപ്പാക്കുക എന്നിവയും ക്യാമ്പയിനിന്റെ ഭാഗമാണ്. ലിംഗസമത്വ ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതിനായി പൊതുഇടങ്ങളില്‍ ജെന്‍ഡര്‍ പ്രതിജ്ഞ, ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരായ പ്രചരണം, ടോക്ക് ഷോകള്‍, പോസ്റ്റര്‍ ക്യാമ്പയിനുകള്‍, ബോധവത്ക്കരണ ക്ലാസുകള്‍, പരിശീലനങ്ങള്‍ എന്നിവയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.
- Log in to post comments