Skip to main content

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കമായി മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

 

 

സംസ്ഥാന സഹകരണ വകുപ്പും സംസ്ഥാന സഹകരണ യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കമായി. സഹകരണ വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂർ കോവിലകത്തുംപാടത്തെ കേരള ബാങ്കിന്റെ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുറമുഖം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

 

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളില്‍ 71 ശതമാനം ക്രെഡിറ്റിന്റെ നിക്ഷേപമുള്ളത് കേരളത്തിലാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. 

1956 ല്‍ കേരളം രൂപീകൃതമാകുമ്പോള്‍ 3,111 സംഘങ്ങള്‍ ഉണ്ടായിരുന്നത് 2025 ല്‍ എത്തുമ്പോള്‍ 23,200 ല്‍പ്പരം സഹകരണ സംഘങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

സഹകരണ മേഖലയില്‍ പുതിയ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും വിഷന്‍ 2031 സെമിനാറിന്റെ ഭാഗമായി ഗവേഷണങ്ങള്‍ നടത്താന്‍ സഹകരണ മേഖലയില്‍ സര്‍വകലാശാല വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അത് യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി, കണ്ണൂര്‍, തിരുവനന്തപുരം എന്നിവടങ്ങളിലായി പുതിയ മൂന്നു നഴ്സിങ് കോളേജുകള്‍കൂടി ഉടന്‍ ആരംഭിക്കുമെന്നും നെല്ലു സംഭരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹകരണമേഖലയില്‍ രണ്ടു മില്ലുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നമ്മുടെ പുതുതലമുറ നാട് വിട്ടുപോകുന്നത് തടയാന്‍ കഴിയുന്ന രീതിയില്‍ ഇവന്റ് മാനേജ്മെന്റ് മുതല്‍ ഐ.ടി വരെ ഇതിലൂടെ സാധ്യമാക്കുന്നുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഒരുമിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ചടങ്ങില്‍ എം.എല്‍.എമാരായ മുരളി പെരുനെല്ലി, യു.ആര്‍ പ്രദീപ്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു, കേരള ബാങ്ക് ഡയറക്ടര്‍ എം. ബാലാജി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍, പി.ആര്‍ വര്‍ഗ്ഗീസ്, എം.എസ് ഷെറിന്‍, എന്‍.കെ പ്രമോദ് കുമാര്‍, ടി.കെ ഉണ്ണികൃഷ്ണന്‍, പി. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കേരള സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സ്വാഗതവും സംസ്ഥാന സഹകരണ യൂണിയന്‍ അഡീഷണല്‍ രജിസ്ട്രാര്‍ എം.പി രജിത്കുമാര്‍ നന്ദിയും പറഞ്ഞു.

 

ചടങ്ങിനോടനുബന്ധിച്ച് 'ദേശീയ സഹകരണ നയവും കേരളത്തിലെ സഹകരണ മേഖലയും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍പേഴ്സണ്‍ പി.ആര്‍. വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം സി.പി. ജോണ്‍, പിഎസിഎസ് അസോസിയേഷന്‍ സെക്രട്ടറി പി. ഹരീന്ദ്രന്‍, കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് യൂണിയന്‍ സെക്രട്ടറി സി.ഡി വാസുദേവന്‍, കേരള കോ ഓപ്പറേറ്റിവ് എംപ്ലോയിസ് കൗണ്‍സില്‍ സെക്രട്ടറി കെ.വി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി നാല് വരെ നീണ്ടു നില്‍ക്കുന്ന വാരാഘോഷം ആലപ്പുഴയില്‍ സമാപിക്കും.

date