Skip to main content

സൂക്ഷ്മ ജലസേചനത്തിന് ഡിജിറ്റൽ വാതിൽ: വെബ്പോർട്ടൽ ജനുവരി 7 ന് കൃഷിവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

 

കേരളത്തിലെ എല്ലാ കർഷകരും സ്വന്തം കൃഷിയിടത്തിൽ സൂക്ഷ്മജലസേചന (മൈക്രോ ഇറിഗേഷൻ) സംവിധാനം സ്ഥാപിക്കുന്നതിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് (സബ്സിഡി) ഇനി വീട്ടിലിരുന്നോ അക്ഷയ സെന്ററുകളിൽ നിന്നോ ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിലെ പെർ ഡ്രോപ്പ് മോർ ക്രോപ്പ്' (പി.ഡി.എം.സി.) പദ്ധതിക്കായുള്ള പുതിയ വെബ് പോർട്ടൽ ജനുവരി 7ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സംസ്ഥാന സർക്കാറുകൾ 60:40 അനുപാതത്തിൽ ധനസഹായം നല്കുന്ന ഈ പദ്ധതിക്ക് കീഴിൽ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് ചെറുകിട-നാമമാത്ര കർഷകർക്ക് ചെലവിന്റെ 55 ശതമാനവും മറ്റുള്ളവർക്ക് 45 ശതമാനവും സർക്കാർ സബ്സിഡി നൽകുന്നു. FRA പട്ട ഉള്ള കർഷകർക്ക് 90 % വരെ ആണ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.

കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും നേരിടുന്ന കേരളത്തിൽ പരമ്പരാഗത ജലസേചന രീതികൾക്ക് പകരം കൃത്യവും സമർത്ഥവുമായ ജലഉപയോഗം നൽകുന്ന സൂക്ഷ്മജലസേചന സാങ്കേതികവിദ്യയിലേക്ക് കർഷകരെ ആകർഷിക്കുകയാണ് പി.ഡി.എം.സി. പദ്ധതിയുടെ ലക്ഷ്യം. ഡ്രിപ്പ്സ്പ്രിങ്ക്ലർ തുടങ്ങിയ സംവിധാനങ്ങൾ വഴി 40-50% വെള്ളം ലാഭിക്കുകയും വിളവ് വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെവെള്ളത്തോടൊപ്പം വളം ചേർക്കാനും (ഫെർട്ടിഗേഷൻ) മൊബൈൽ ഫോൺ വഴി ദൂരെ നിന്ന് നിയന്ത്രിക്കാനും ഈ സംവിധാനങ്ങൾ സഹായിക്കുന്നു.

https://pdmc.da.gov.in/KeralaMS ൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാം. ആധാർ നമ്പർ നിർബന്ധം. ഈ വർഷം നിശ്ചിത അപേക്ഷാഫോറത്തിൽ ഓഫ്‌ലൈനായും അപേക്ഷിക്കാം. ആധാർഭൂവുടമസ്ഥത തെളിയിക്കുന്ന രേഖ (പട്ടയം/റസീറ്റ്)ബാങ്ക് അക്കൗണ്ട് വിവരങ്ങൾഭൂപരിധി സംബന്ധിച്ച സത്യപ്രമാണം എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷ അംഗീകരിച്ചാൽസർക്കാർ അംഗീകരിച്ച ഡീലർ/കമ്പനി സ്ഥലം സന്ദർശിച്ച് സംവിധാനത്തിന്റെ ഡിസൈനും ചെലവ് എസ്റ്റിമേറ്റും തയ്യാറാക്കി കൃഷി എൻജിനിയർ അംഗീകരിക്കും. സംവിധാനം സ്ഥാപിച്ച ശേഷം കൃഷി എൻജിനിയർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. സബ്സിഡി തുക നേരിട്ട് ബാങ്കിൽ എത്തും. പരമാവധി 5 ഹെക്ടർ വരെയുള്ള ഭൂമിക്ക് മാത്രമേ സബ്സിഡി ലഭിക്കൂ. ബോർവെൽപമ്പ്മഴവെള്ള സംഭരണി എന്നിവയ്ക്കും വെവ്വേറെ സഹായം ലഭിക്കും. തെങ്ങ് കൃഷിക്കാർക്ക് അധികമായി 30% സബ്സിഡി ലഭിക്കും. എല്ലാ ഉപകരണങ്ങളും ബി.ഐ.എസ്. (BIS) മാർക്ക് ഉള്ളതായിരിക്കണം. ടോൾ ഫ്രീ നമ്പർ 1800-425-2512.

പി.എൻ.എക്സ്. 52/2026

date