'കേരള എ ഐ ഫ്യൂച്ചർകോൺ' ജനുവരി 23ന്; ഉദ്ഘാടനം മുഖ്യമന്ത്രി
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന 'എ.ഐ ഇംപാക്ട് സമ്മിറ്റ് 2026'-ന് മുന്നോടിയായി കേരള സർക്കാർ സംഘടിപ്പിക്കുന്ന 'കേരള AI ഫ്യൂച്ചർ കോൺ' (Kerala AI Future Con) ജനുവരി 23ന് കോവളത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ആഗോള ഉച്ചകോടിയുടെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായാണ് കേരളം ഈ പ്രാദേശിക എ.ഐ സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാന ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഐ.ടി മിഷനാണ് പരിപാടിയുടെ ഏകോപനം നിർവ്വഹിക്കുന്നത്.
കേരള സ്റ്റാർട്ടപ്പ് മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സി-ഡിറ്റ്, ഐസിഫോസ് എന്നിവരാണ് ഉച്ചകോടിയുടെ ഔദ്യോഗിക പങ്കാളികൾ. ഭരണനിർവ്വഹണം, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
AI നോളജ് എക്സ്ചേഞ്ച്, ഇന്നൊവേഷൻ എക്സ്പോ, ഗവേണൻസ് ഫോറം,AI സഹകരണ കേന്ദ്രം,വ്യവസായ നേതൃത്വ റൗണ്ട്-ടേബിൾ ചർച്ചകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
ഇന്ത്യ എ.ഐ മിഷൻ ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. കേരളത്തിന്റെ എ.ഐ റോഡ്മാപ്പ് സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകും. ഉച്ചകോടിയിൽ ഉയരുന്ന നിർദ്ദേശങ്ങൾ ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ആഗോള എ.ഐ സമ്മിറ്റിൽ കേരളം അവതരിപ്പിക്കും.
പി.എൻ.എക്സ്. 55/2026
- Log in to post comments