കുഷ്ഠരോഗം നിര്‍ണയ ക്യാമ്പയിന്‍: ഭവന സന്ദര്‍ശനം ബുധനാഴ്ച മുതല്‍
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കുഷ്ഠരോഗം നിര്‍ണയ ക്യാമ്പയിന്‍ 'അശ്വമേധം' ജനുവരി ഏഴ് ബുധനാഴ്ച ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍വഹിക്കും. ഭവന സന്ദര്‍ശനത്തിലൂടെ കുഷ്ഠരോഗികളെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജില്ലയിലെ 6,99,758 വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. 1978 ടീമുകളിലായി 3956 സന്നദ്ധ പ്രവര്‍ത്തകര്‍ ഫ്ളാഷ് കാര്‍ഡിന്റെ സഹായത്തോടെ കുഷ്ഠരോഗ നിര്‍ണയത്തിനായി വീടുകളില്‍ എത്തും. പരിശീലനം ലഭിച്ച ഒരു ആശാപ്രവര്‍ത്തകയും ഒരു പുരുഷ വളണ്ടിയറുമടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. ജനുവരി 20 വരെയാണ് രോഗ നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആരോഗ്യപ്രവര്‍ത്തകരും വളണ്ടിയര്‍മാരും വീടുകളിലെത്തുമ്പോള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍
തൊലിപ്പുറത്ത് കാണുന്ന നിറവ്യത്യാസങ്ങളാണ് കുഷ്ഠരോഗത്തിന്റെ പ്രധാന പ്രാരംഭ ലക്ഷണം. ശരീരത്തില്‍ ചുണങ്ങ് പോലെ കാണപ്പെടുന്നതോ നിറം മങ്ങിയതോ ചുവന്നതോ ചെമ്പുനിറത്തിലുള്ളതോ ആയ പാടുകള്‍ ശ്രദ്ധിക്കണം. ഇത്തരം പാടുകളില്‍ സ്പര്‍ശന ശേഷി കുറവായിരിക്കും. ചൂട്, തണുപ്പ്, വേദന എന്നിവ അറിയാന്‍ സാധിക്കാത്തതും രോഗ ലക്ഷണമായി കണക്കാക്കാം. രോഗം നാഡികളെ ബാധിക്കുന്നതോടെ നാഡികള്‍ തടിക്കുകയും കൈകാലുകളില്‍ തരിപ്പ്, വേദന, മാറാത്ത വ്രണങ്ങള്‍ എന്നിവ ഉണ്ടാവുകയും ചെയ്യും. മുഖത്തോ ശരീരത്തിലോ തടിപ്പുകള്‍ കാണപ്പെടാം. ചിലരില്‍ കണ്ണിനെയും ബാധിക്കാറുണ്ട്. സംശയമുള്ള സാഹചര്യത്തില്‍ തൊലിപ്പുറത്തെ സംവേദന ക്ഷമത പരിശോധിച്ചും തുടര്‍ന്ന് ബയോപ്സി പരിശോധനയിലൂടെയും രോഗം സ്ഥിരീകരിക്കാം. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഇതിനായുള്ള മരുന്നുകള്‍ തികച്ചും സൗജന്യമായി ലഭിക്കും.
- Log in to post comments