കുട്ടംകുളം നവീകരണം - കൂടൽമാണിക്യം കിഴക്കേ നടയിലെ റോഡിൽ നാളെ (07/01/2026)മുതൽ ഗതാഗത നിയന്ത്രണം: മന്ത്രി ഡോ ആർ ബിന്ദു
കുട്ടംകുളം നവീകരണത്തിന്റെ ഭാഗമായി ബുധനാഴ്ച മുതൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു.
കിഴക്കേ നടയിൽ ഗണപതി കോവിലിന്റെ പരിസരത്തു നിന്നും കോട്ടിലാക്കൽ പറമ്പിന്റെ മുൻപിലൂടെ പഴയ മണിമാളിക കെട്ടിടം നിലനിന്നിരുന്ന കുട്ടംകുളം ജംഗ്ഷൻ വരെയുള്ള റോഡ് അടച്ചിടും. കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്നും ഗണപതി കോവിലിലേക്കും മഹാത്മാഗാന്ധി ലൈബ്രറി പരിസരത്തേക്കും ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുകയില്ല. കുട്ടംകുളം ജംഗ്ഷനിൽ നിന്നും പേഷ്കാർ റോഡിലേക്കും ബസ്റ്റാൻഡ് പരിസരത്തേക്കും ഗതാഗതം നിലവിലെ പോലെ തുടരും. ബസ്റ്റാൻഡ് പരിസരത്തു നിന്നും കൂടൽമാണിക്യം ക്ഷേത്രത്തിലേക്കും നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്കും വരുന്ന സ്വകാര്യ വാഹനങ്ങൾ പാട്ടമാളി റോഡിലൂടെ തിരിഞ്ഞ് മഹാത്മാഗാന്ധി ലൈബ്രറി ജംഗ്ഷൻ വഴി പോകേണ്ടതാണ്. കെ എസ് ആർ ടി സി ബസുകൾ കാട്ടൂർ റോഡ് വഴി സർവീസുകൾ നടത്തും. ഭാരവാഹനങ്ങൾ കാട്ടൂർ റോഡ് വഴി സർവീസ് നടത്തണമെന്നും മന്ത്രി അറിയിച്ചു.
നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.
- Log in to post comments