ശ്രീ കൊക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ വേലാഘോഷം; വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതിയില്ല
ശ്രീ കൊക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ വേലാഘോഷത്തോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചുകൊണ്ട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. എക്‌സ്പ്ലോസീവ് ആക്ട് 1884 ലെ 6c (1)(c) ആക്ട് പ്രകാരമാണ് ഉത്തരവ്.
ജനുവരി 20 ന് വെടിക്കെട്ട് പൊതുദർശനം നടത്താൻ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളുടെയും സ്‌ഫോടക വസ്തു ചട്ടഭേദഗതിയിലെ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യങ്ങളില്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്. പൊതുജന സുരക്ഷ മുൻനിർത്തി വെടിക്കെട്ട് അനുവദിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മുൻവർഷങ്ങളിൽ തൃശ്ശൂർ ജില്ലയിലും സമീപ ജില്ലകളിലുമുണ്ടായ വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ വിശകലനത്തിൽ വെടിക്കെട്ട് പ്രദർശനത്തിന് ലൈസൻസ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും വൻഭീഷണിയാണെന്ന് ബോധ്യമായെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലാ പോലീസ് മേധാവി (സിറ്റി), ജില്ലാ ഫയർ ഓഫീസർ എന്നിവർ വെടിക്കെട്ടിന് അനുമതി നൽകരുതെന്ന് റിപ്പോർട്ടും നൽകിയിരുന്നു.
- Log in to post comments