Skip to main content

എയ്ദോസ് അന്താരാഷ്ട്ര സെമിനാർ ഒമ്പതാം പതിപ്പിന് തുടക്കമായി

 

സാംസ്കാരിക പഠനത്തെയും കലാപ്രകടനങ്ങളെയും കേന്ദ്രമാക്കി ശ്രീ കേരളവർമ്മ കോളജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്തർദ്ദേശീയ സെമിനാർ പരമ്പര "എയ്ദോസ്” ഒൻപതാമത് പതിപ്പ് സംഘടിപ്പിച്ചു . ഉന്നതവിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം അതിന്റെ സമൃദ്ധമായ വൈവിധ്യവും നാനാത്വവും ബഹുസ്വരതയുമാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാമൂഹ്യ 

പ്രതിബദ്ധതയുള്ള ടി. എം കൃഷ്ണയെ പോലെയുള്ള കലാകാരന്മാർ അവരുടെ കല സാംസ്കാരിക പ്രതിരോധത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നതായും മന്ത്രി കൂട്ടിചേർത്തു. കല മനുഷ്യരിൽ സൗഹൃദം വളർത്തുന്നതിന് ഉപകരണമാകണമെന്നും അത് വിദ്വേഷത്തെയും വിരോധത്തെയും പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

 

വി വി ആർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരളവർമ്മ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. ജയനിഷ അധ്യക്ഷത വഹിച്ചു. കർണാടക സംഗീതജ്ഞനും രമൺ മാഗ്സസെ അവാർഡ് ജേതാവുമായ ടി. എം കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സെമിനാർ കോർഡിനേറ്ററുമായ ഡോ. അബിത ബാലഗോപാലൻ സെമിനാറിന്റെ ആശയം വിശദീകരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവിയും സെമിനാർ കൺവീനറുമായ ഡോ. ടി. ജി സന്ദീപ് സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സെമിനാർ കോർഡിനേറ്ററുമായ കൃപ നന്ദിയും പറഞ്ഞു. 

 

പ്രകടനത്തെ ഒരു സാംസ്‌കാരിക പ്രവർത്തനരൂപമായാണ് ഈ അന്താരാഷ്ട്ര സെമിനാർ സമീപിക്കുന്നത്. ചരിത്രം, ഓർമ്മ, തിരിച്ചറിവ്, സൗന്ദര്യശാസ്ത്രം, അധികാരം തുടങ്ങിയ ഘടകങ്ങൾ എങ്ങനെ കലാപ്രകടനങ്ങളിലൂടെ തമ്മിൽ സംവദിക്കുന്നു എന്നത് ഈ സെമിനാറിലൂടെ ആഴത്തിൽ പരിശോധിക്കുന്നു. പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ലക്ചർ-ഡെമോൺസ്ട്രേഷനുകൾ, തത്സമയ കലാപ്രകടനങ്ങൾ എന്നിവയിലൂടെ സമ്പന്നമാകുന്ന അക്കാദമിക്-സാംസ്‌കാരിക സംഗമമാണ് ഈ അന്താരാഷ്ട്ര സെമിനാർ. 

 

സംസ്‌കാരവും പ്രകടനകലയും തമ്മിലുള്ള സങ്കീർണ്ണ ബന്ധങ്ങൾ ആഴത്തിൽ അന്വേഷിക്കുന്ന ഈ അന്തർദേശീയ സെമിനാർ, അക്കാദമിക ലോകത്തിനും കലാരംഗത്തിനും ഒരുപോലെ നിർണായകമായ സംവാദവേദിയാകുന്നു. 

 

ജെഎൻയു സ്കൂൾ ഓഫ് ആർട്സ് ആൻഡ് എസ്റ്ററ്റിക്സ് മുൻ ഡീനും, പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സീനിയർ ഫെലോയുമായ ഡോ. ഉർമിമല സർക്കാർ, ജെഎൻയു

സ്കൂൾ ഓഫ് ആർട്സ് ആൻഡ് എസ്റ്ററ്റിക്സ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അമീത് പരമേശ്വരൻ, കൂടിയാട്ടം കലാകാരി കപില വേണു, നാടക പ്രവർത്തക പാർശതി ജെ. നാഥ്, കേരളവർമ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും കോളേജിലെ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും മറ്റ് കോളേജുകളിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

date