ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നടത്തി
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. ചെയർമാൻ എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.
തിരുവനന്തപുരം മുട്ടയ്ക്കാട് എൽ.എം.എസ് എൽ.പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്ന് കാണിച്ച് മാനേജ്‌മെന്റ് സമർപ്പിച്ച ഹർജി കമ്മീഷൻ പരിഗണിച്ചു.
കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ 2023-24 അദ്ധ്യയന വർഷം മുതൽ സ്‌കൂളിലെ തസ്തിക നിർണ്ണയ ഉത്തരവുകൾ വിദ്യാഭ്യാസ അധികൃതർ പുറപ്പെടുവിക്കാതെ, അധ്യാപകരുടെ ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.
കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് അതിയന്നൂർ ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയറാണെന്നും കെട്ടിട നിർമ്മാണത്തിൽ കെ.പി.ബി.ആർ 2019-ലെ നിർമ്മാണ ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുള്ളതിനാൽ കെട്ടിടത്തിന് ഗ്രാമപഞ്ചായത്തിൽ നിന്നും നമ്പർ അനുവദിക്കാത്തത് കാരണമാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതെന്നും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് ചെയ്തു.
2021-ൽ ഫിറ്റ്‌നസിനായി അപേക്ഷ സമർപ്പിച്ചിട്ടും നാളിതുവരെ നടപടി സ്വീകരിക്കാത്തതിൽ കമ്മീഷൻ പഞ്ചായത്ത് അധികൃതരോട് അതൃപ്തി രേഖപ്പെടുത്തി.
ഹർജിയിൽ കളക്ടറെ എതിർകക്ഷിയാക്കിയ കമ്മീഷൻ പഞ്ചായത്ത് അധികൃതരെയും സ്‌കൂൾ മാനേജ്‌മെന്റിനെയും നേരിൽ കേട്ട് രേഖകൾ പരിശോധിച്ച്, സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ച് രണ്ട് മാസത്തിനകം കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകി.
- Log in to post comments