Skip to main content

എം.എൽ.എ കപ്പ് സീസൺ 4, ജനുവരി 7, 8, 9 തീയതികളിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ

എറണാകുളം നിയോജകമണ്ഡലത്തിലെ യുവജനങ്ങളിൽ കായികക്ഷമത വളർത്തുകയും ലഹരി ഉപയോഗത്തിനെതിരായ ശക്തമായ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി എറണാകുളം അഡിക്റ്റഡ് റ്റു ഫുട്ബോൾ എന്ന ആപ്തവാക്യവുമായി ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എം.എൽ.എ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ നാലാം പതിപ്പ് – MLA CUP 2026, 2026 ജനുവരി 7, 8, 9 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.

 

ഈ ടൂർണമെന്റിൽ എറണാകുളം നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂൾ ടീമുകൾ പങ്കെടുക്കും. യുവാക്കളെ കായിക രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതോടൊപ്പം ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയാണ് എം.എൽ.എ കപ്പിന്റെ പ്രധാന ലക്ഷ്യം.

 

ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ, സംഘാടക സമിതിയും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. രാവിലെ 7 ന് ആരംഭിക്കുന്ന മത്സരത്തിൽ സെന്റ് ആൽബെർട്സ് എച്ച്.എസ്.എസ് മാതാനഗർ പബ്ലിക്ക് സ്കൂൾ എച്ച്.എസ്.എസ് ടീമിനെ നേരിടും. 

 

3 മണിക്ക്‌ ടി ജെ വിനോദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂർണമെന്റിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കും. മുഹമ്മദ് ഷിയാസ്, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, കൗൺസിലർമാരായ കെ.വി.പി കൃഷ്ണകുമാർ, ടൈസൺ, സുധ ദിലീപ്കുമാർ, മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഡോ.ജി.എൻ പ്രകാശ്, ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി വിജു ചൂളയ്ക്കൽ, സനൽ നെടിയതറ ഉൾപ്പടെയുള്ളവർ സംബന്ധിക്കും.      

 

ഫൈനൽ മത്സരത്തോടനുബന്ധിച്ച് സമാപന സമ്മേളനം മേയർ അഡ്വ.വി.കെ മിനിമോൾ ഉദ്ഘാടനം ചെയ്യും. അന്ന് 3 മണിക്ക് നടക്കുന്ന പ്രദർശന മത്സരത്തിൽ മഹാരാജാസ് വനിതാ ഫുട്ബോൾ ടീമിനെ എസ്.ആർ.വി സ്കൂൾ വനിതാ ടീം നേരിടും. 

 

കായിക പ്രേമികൾക്കും പൊതുജനങ്ങൾക്കും ടൂർണമെന്റ് സൗജന്യമായി കാണുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മഹത്തായ കായികോത്സവത്തിൽ എല്ലാവരും പങ്കുചേരണമെന്നും ടി.ജെ വിനോദ് എം.എൽ.എ അഭ്യർത്ഥിച്ചു.

 

date