Skip to main content

ആസ്പിരേഷനല്‍ ബ്ലോക്ക് പ്രോഗ്രാം ജില്ലയുടെ നേട്ടം വിലയിരുത്തി കേന്ദ്ര സംഘം ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തി

പരപ്പ ആസ്പിരേഷനല്‍ ബ്ലോക്ക് പ്രോഗ്രാമുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം കാസര്‍കോട് ജില്ലാകളക്ടര്‍ കെ. ഇമ്പശേഖറുമായി കൂടിക്കാഴ്ച്ച നടത്തി. കളക്ടറുടെ ചേമ്പറില്‍ നടന്ന കൂടിക്കാഴ്ചയില്‍ പരപ്പ അസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ജില്ലയുടെ നേട്ടത്തിന് പിന്നിലെ ചിട്ടയായ പ്രവര്‍ത്തനങ്ങളെ പറ്റി ചോദിച്ചു മനസ്സിലാക്കിയശേഷം കേന്ദ്ര സംഘം മിനി കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പ്രോഗ്രാമിന്റെ നേട്ടത്തിന് പിന്നിലെ വിവിധ ഘട്ടങ്ങളെ പറ്റിയും വിവിധ വകുപ്പുകളുടെ പങ്കിനെപ്പറ്റിയും വിവരശേഖരണം നടത്തി. ഇന്‍ഡോര്‍ ഐ.ഐ.എം ലെ സത്യം റായ്, തുപ്പേഷ് കത്രെ എന്നിവരാണ് പ്രധാനമന്ത്രിയുടെ മികച്ച പൊതു ഭരണ മികവിനുള്ള പുരസ്‌കാരം നേടിയ പരപ്പ ആസ്പിരേഷനാല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ പുരോഗതി  പഠിക്കാന്‍ എത്തിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദു, ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം ഡെവലപ്‌മെന്റ് പാര്‍ട്ണര്‍ ഡോ.ആരോക്യരാജും, ലീഡ് ബാങ്ക് മാനേജര്‍ എസ്.തിപേഷും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പ്ലാനിങ് ഓഫീസിലെയും ബ്ലോക്ക് ഓഫീസിലെയും ജീവനക്കാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പരപ്പയുടെ വികസന നേട്ടങ്ങള്‍ പഠിക്കാന്‍ രണ്ടു ദിവസങ്ങളിലായി ജില്ലയില്‍ ഉണ്ടായിരുന്ന കേന്ദ്ര സംഘം കഴിഞ്ഞ ദിവസങ്ങളില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മൂപ്പില്‍ അംഗണവാടിയും സന്ദര്‍ശിച്ചിരുന്നു.

date