*അശ്വമേധം 7.0: പാടുകള്‍ പരിശോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തും*
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 20 വരെ നടക്കുന്ന അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 2,22,868 വീടുകളില്‍ ആശ പ്രവര്‍ത്തകരും പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്ന 942 ടീമുകള്‍ 14 ദിവസങ്ങളിലായി സന്ദര്‍ശനം നടത്തും. പാടുകള്‍ നോക്കാം ആരോഗ്യം കാക്കാം എന്ന സന്ദേശവുമായി നടത്തുന്ന ക്യാമ്പയിനില്‍ ശരീരത്തിലെ പാടുകള്‍ അടക്കമുള്ള കുഷ്ഠരോഗ സാധ്യതാ ലക്ഷണങ്ങള്‍ പരിശോധിക്കും. സംശയാസ്പദമായ ലക്ഷണങ്ങളുള്ളവരെ വിദഗ്ധ പരിശോധനക്ക് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. ഗൃഹസന്ദര്‍ശനത്തിലൂടെ സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗം കണ്ടെത്തി ശരിയായ ചികിത്സ നല്‍കി ഭേദമാക്കി മറ്റുള്ളവരിലേക്ക് പകരുന്നത് തടഞ്ഞ് കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ നിലവില്‍ 16 കുഷ്ഠരോഗ ബാധിതരാണുള്ളത്.
സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, തടിച്ചതും തിളക്കമുള്ളതുമായ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളില്‍ മരവിപ്പ്, വൈകല്യം, കണ്ണടക്കാനുള്ള പ്രയാസം എന്നിവയാണ് കുഷ്ഠരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങളില്‍ ഏതെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി വിദഗ്ധ പരിശോധനക്ക് വിധേയമാകണം. ശരിയായ ചികിത്സ നടത്തി രോഗം പൂര്‍ണ്ണമായി ഭേദമാക്കി മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കാം. ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും മരണത്തിനും കുഷ്ഠരോഗം കാരണമാകും. ദീര്‍ഘകാലത്തെ സമ്പര്‍ക്കത്തിലൂടെയാണ് കുഷ്ഠരോഗം പകരുന്നത്. കുഷ്ഠരോഗ ബാധിതരെ മാറ്റിനിര്‍ത്തുകയോ അവരോട് വിവേചനം കാണിക്കുകയോ ചെയ്യരുത്.
അശ്വമേധം 7.0 ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പൂതാടി പാപ്ലശ്ശേരിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആന്‍സി മേരി ജേക്കബ് നിര്‍വ്വഹിച്ചു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍ അധ്യക്ഷയായ പരിപാടിയില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വി സുന്ദരന്‍, വാര്‍ഡ് അംഗം കെ.വി സുമയ്യ ടീച്ചര്‍, പൂതാടി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവ്, വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി കെ.ടി മധു, സാമൂഹ്യ സാംസ്‌കാരിക പ്രതിനിധികളായ ടി.ബി സുരേഷ്, രാജീവ് മടത്തിക്കര, റിയാസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments