ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു
സംസ്ഥാന യുവജനക്ഷമ ബോർഡ് ആലപ്പുഴ ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിൽ നടന്ന ചടങ്ങ് യുവജന ക്ഷേമബോർഡ് അംഗം എസ് ദീപു ഉദ്ഘാടനം ചെയ്തു. സ്പീച്ച് തെറാപ്പിസ്റ്റ് പാർവതി എ നായർ വിദ്യാർഥികൾക്ക് മോട്ടിവേഷൻ പരിശീലനം നൽകി. പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.
ചിത്രരചന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ശ്രുതി ഒന്നാം സ്ഥാനവും മുഹമ്മദ് ഷിഹാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ അമൽ രാജ് ഒന്നാം സ്ഥാനവും അഭിനവ് കൃഷ്ണൻ രണ്ടാം സ്ഥാനവും നേടി. ക്ലേ മോഡലിംഗ് മത്സരത്തിൽ ദേവ സൂര്യ ഒന്നാം സ്ഥാനവും അമൽ രാജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
ചടങ്ങിൽ ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ ജയിംസ് സാമുവൽ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ ബി ഷീജ, സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ എസ് ശ്രീലക്ഷ്മി, യൂത്ത് കോഓർഡിനേറ്റർമാരായ എം മനു, കെ ജെ ചാക്കോ, സുബി പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments