നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ആറു പുസ്തകങ്ങൾ മന്ത്രി ഡോ. ആർ.ബിന്ദു പ്രകാശനം ചെയ്തു
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 2026 ന്റെ ഭാഗമായി കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) പ്രസിദ്ധീകരിച്ച ആറു പ്രമുഖ ഗവേഷണ ഗ്രന്ഥങ്ങളുടെ പ്രകാശനം നിയമസഭാ സമുച്ചയത്തിലെ വേദി 5-ൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.
പ്രമുഖ നരവംശശാസ്ത്രജ്ഞൻ ഡോ. എ.അയ്യപ്പന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ഉൾക്കൊള്ളുന്ന 'Institutions, Individuals, and Practices: Anthropological Essays' (സംശോധനം: പ്രസാന്ത് മാധവ്, റാഫി നീലംകാവിൽ) എന്ന ഗ്രന്ഥം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. രാജൻ ഗുരുക്കൾ ഏറ്റുവാങ്ങി. പോർച്ചുഗീസ് കാലഘട്ടത്തിലെ കൊച്ചിയുടെ ചരിത്രത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന 'When Cochin Became Cidade de Cochim (1527-1616)' (പരിഭാഷ: ഡേവീസ് സി. ജെ.) എന്ന ഗ്രന്ഥം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ പ്രൊഫ. കാർത്തികേയൻ നായർ ഏറ്റുവാങ്ങി. പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൊച്ചിയിൽ രൂപം കൊണ്ട കോളോണിയൽ ഭരണഘടനയെക്കുറിച്ചുള്ള നിർണായക രേഖകളാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കേരളത്തിലെ കളമെഴുത്ത് പാരമ്പര്യത്തെക്കുറിച്ചുള്ള പഠനഗ്രന്ഥമായ 'Lineages of Kalameluttu in Kerala' (ഡോ. ഷിബി കെ.) പുരാവസ്തു വകുപ്പ് ഡയറക്ടർ ഡോ. ദിനേശൻ ഇ. ഏറ്റുവാങ്ങി. 'Ayyappan Hymns of Kalameluttu in North Malabar' എന്ന ഗ്രന്ഥം ചിത്രകാരി സജിത ആർ. ശങ്കർ ഏറ്റുവാങ്ങി. കെ.സി.എച്ച്.ആർ റിസോഴ്സ് മെറ്റീരിയൽ സീരീസിലെ ''കൂതാശപ്പാന'' (അർണാസ് പാതിരി) എന്ന കൃതി സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ ഡയറക്ടർ ഇൻചാർജ് പാർവതി എസ്. ഏറ്റുവാങ്ങി. അതേ സീരീസിലെ പ്രധാന ഗ്രന്ഥമായ ''കണ്ണാളോകേരളോൽപ്പത്തി''- ആശാരി, മൂശാരി, തട്ടാൻ, കരുമാൻ (കണ്ണാളർ) തുടങ്ങിയ തൊഴിൽസമൂഹങ്ങളുടെ ഉത്ഭവചരിത്രം രേഖപ്പെടുത്തുന്ന പഠനഗ്രന്ഥം - കെ.എം.പി. ദാമോദരൻ നമ്പൂതിരി, ചിത്ര കെ., കെ.പി. രാജേഷ് എന്നിവർ ചേർന്ന് തയ്യാറാക്കിയതാണ്. ഈ ഗ്രന്ഥം കേരള സർവകലാശാല മലയാള വിഭാഗം പ്രൊഫ. സീമ ജെറോം ഏറ്റുവാങ്ങി.
കെ.സി.എച്ച്.ആർ ചെയർപേഴ്‌സൺ പ്രൊഫ. കെ.എൻ. ഗണേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ പ്രൊഫ. ദിനേശൻ വടക്കിനിയിൽ സ്വാഗതം ആശംസിച്ചു. കെ.സി.എച്ച്.ആർ പബ്ലിക്കേഷൻ അസിസ്റ്റന്റ് സന്ധ്യ എസ്.എൻ നന്ദി പറഞ്ഞു.
പി.എൻ.എക്സ്. 156/2026
- Log in to post comments