പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തുടക്കം
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ യുവ ആപ്ദ മിത്ര പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് പരിശീലനം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്സിറ്റി ഡി.എസ്.എസ് ഡോ.കെ.വി സുജിത് അധ്യക്ഷനായി. റീജിയണല്‍ ഡയറക്ടര്‍ വൈ ഉപിന് മുഖ്യ പ്രഭാഷണം നടത്തി.
നാഷണല്‍ സര്‍വീസ് സ്കീമിന്റെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ ജില്ലയിലെ വിവിധ എന്‍.എസ്.എസ് സെല്ലുകളില്‍ നിന്നുള്ള 150 വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. ഏഴു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന രീതികള്‍, ദുരന്ത മുഖങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ പരിശീലനവും അവബോധവും നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ഐ.ഡി കാര്‍ഡുകള്‍, യൂണിഫോം, എമര്‍ജന്‍സി കിറ്റുകള്‍ എന്നിവ നല്‍കും.
എന്‍ എസ് എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.പി നിധീഷ്, ശ്രീപുരം സ്കൂള്‍ ഡയറക്ടര്‍ ഫാ. ജോയ് കാറ്റിയാങ്ങല്, വൈ.എ.എം.എസ് മാസ്റ്റര്‍ ട്രെയിനര്‍ കെ.പി ആശാലത, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ടി.കെ ജയരാജന്, കെ ജെസ്സി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments