ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഇനി ഒരേ യൂണിഫോം
ശ്രദ്ധേയമായി സംവാദം
സംസ്ഥാനത്തെ എല്ലാ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും ഇനി ഒരേ യൂണിഫോം. യൂണിഫോമിനാവശ്യമായ ചെലവുകള്‍ കുടുംബശ്രീ വഹിക്കും. പതിമൂന്നാമത് ദേശീയ സരസ് മേളയില്‍ വൃത്തിയുടെ വിജയം വിജയാഘോഷത്തില്‍ മന്ത്രിയുമായി സംവദിക്കാമെന്ന പരിപാടിയിലാണ് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ പ്രഖ്യാപനം.കണ്ണൂര്‍ ജില്ലയില്‍ നിന്നും വന്ന നിഷകുമാരി എന്ന ജനപ്രതിനിധിയുടെ ആവശ്യപ്രകാരമായിരുന്നു പ്രഖ്യാപനം.
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താതെ ജനപ്രതിനിധികളായി തുടരാമെന്നും സംവാദത്തില്‍ മന്ത്രി അറിയിച്ചു. ഹരിത കര്‍മ്മ സേന അംഗങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വണ്ടികള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തൊഴിലാളികളെല്ലാം യഥാര്‍ത്ഥത്തില്‍ സംരംഭകരാണെന്നും സംവാദത്തിനിടെ മന്ത്രി വ്യക്തമാക്കി.
ആട്ടിപ്പായിച്ചവര്‍ക്ക് ഇപ്പോള്‍ ഞങ്ങള്‍ പ്രിയപ്പെട്ടവര്‍
'ആദ്യമൊക്കെ പ്ലാസ്റ്റിക് ശേഖരിക്കാന്‍ വീടുകളിലേക്ക് ചെല്ലുമ്പോള്‍ ആള്‍ക്കാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു.ചില സ്ഥലങ്ങളില്‍ പട്ടിയെ അഴിച്ചുവിട്ട് വരെ ഓടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് അതിന് മാറ്റം വന്നു.ഇപ്പോള്‍ എല്ലാരും ഞങ്ങളുടെ വരവും കാത്തിരിക്കുന്നു, ആട്ടിപ്പായിച്ചവര്‍ക്ക് ഇന്ന് ഞങ്ങള്‍ പ്രിയപ്പെട്ടവരാണ്' ജനവിധി തേടി വിജയിച്ച ഹരിതകര്‍മ്മ സേനാംഗവും വയലാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബിന്ദു മുരളിയുടെ വാക്കുകളാണിവ.ഇത് വെറുമൊരു വാക്കല്ല, മറിച്ച് പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തി നാടിന്റെ ശുചിത്വ സൈന്യമായി മാറിയ ഹരിതകര്‍മ്മസേനാംഗങ്ങള്‍ നടത്തിയ സ്ത്രീ മുന്നേറ്റത്തിന്റെ ഉറച്ച ശബ്ദമാണ്.
കേരളത്തിന്റെ വൃത്തിയ്ക്ക് പുതിയ സംസ്കാരം നല്കി മാതൃക തീര്‍ത്ത വിവിധ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ 'വൃത്തിയുടെ വിജയം' വിജയാഘോഷ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രിയുമായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.മന്ത്രിക്കൊപ്പം സെല്‍ഫിയും എടുത്താണ് പരിപാടി സമാപിച്ചത്.
- Log in to post comments