രണ്ടത്താണിയിലെ സപ്ലൈകോ മാവേലി സ്റ്റോര്‍ സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തി
ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടത്താണി യുണൈറ്റഡ് ടവറില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോര്‍ സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തി. ഭക്ഷ്യ- പൊതുവിതരണ-ഉപഭോക്തൃകാര്യ- ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. സപ്ലൈകോയുടെ അമ്പതാമത് വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ പുതിയ ഔട്ട്ലെറ്റുകള്‍ തുടങ്ങുന്നതിനും നിലവിലുള്ള മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകള്‍ ആക്കി ഉയര്‍ത്തുന്നതിനുമുള്ള നടപടികള്‍ തുടര്‍ന്നുവരികയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. മാത്രമല്ല, ഒരു മാസം 300 കോടിയിലധികം രൂപയുടെ വില്പനയും ഓണക്കാലത്ത് 384 കോടി രൂപയുടെ നിത്യോപയോഗ സാധനങ്ങളുടെ വില്പനയും 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് എല്ലാമാസവും സപ്ലൈകോയില്‍ സാധനങ്ങള്‍ ലഭ്യമാക്കാനും കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തിരൂര്‍ നിയോജകമണ്ഡലം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. വിലക്കയറ്റം നിലവില്‍ ഇപ്പോഴുമുണ്ട്, ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് എം.എല്‍.എ അധ്യക്ഷപ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചു. ചടങ്ങില്‍ സപ്ലൈകോ റീജിയണല്‍ മാനേജര്‍ ജി.സുമ സ്വാഗതം പറഞ്ഞു. കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി സബാഹ് യുണൈറ്റഡ് ടവര്‍ ഉടമസ്ഥന്‍ ഫൈസലിന് ആദ്യ വില്പന നടത്തി. വാര്‍ഡ് മെമ്പര്‍ കെ.ഷാഹുല്‍ ഹമീദ്, രാഷ്ട്രീയ പ്രതിനിധികളായ ഫിറോസ് പള്ളിമാലി, എം.ജയരാജന്‍, മന്‍സൂര്‍ അലി പാലമടത്തില്‍, അബ്ദു തൈക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.സി. മനോജ് കുമാര്‍ നന്ദി പറഞ്ഞു.
- Log in to post comments