Skip to main content

സാന്ത്വന സ്പർശമായി ജില്ലാ കളക്ടർ; ജില്ലയിൽ ഒരാഴ്ച നീളുന്ന പാലിയേറ്റീവ് പരിപാടികൾക്ക് തുടക്കമായി

ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറം നഗരസഭയിലെ കിടപ്പുരോഗികളെ സന്ദർശിച്ച് ജില്ലാ കളക്ടർ വി.ആർ വിനോദ്. രോഗാവസ്ഥയിൽ വീടിനുള്ളിൽ കഴിയുന്നവർക്ക് ആത്മവിശ്വാസവും സാന്ത്വനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം രോഗികളുടെ വീടുകളിലെത്തിയത്. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരുടെ പ്രയാസങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ കളക്ടർ, അവർക്ക് ആവശ്യമായ വൈദ്യസഹായവും മറ്റ് പിന്തുണകളും ഉറപ്പാക്കാൻ നിർദ്ദേശം നൽകി.

 

പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ വഴി ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വളണ്ടിയർ രജിസ്ട്രേഷൻ ക്യാമ്പയിൻ, രോഗി-ബന്ധു സംഗമങ്ങൾ, ഗൃഹ സന്ദർശനങ്ങൾ തുടങ്ങിയവ ഈ ഒരാഴ്ച കാലയളവിൽ ജില്ലയിലുടനീളം നടപ്പിലാക്കും.

 

സന്ദർശനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടർ വി.കെ മുരളി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി. ഫിറോസ്ഖാൻ, മലപ്പുറം നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സമീറ മുസ്തഫ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ പരി അബ്ദുൽ മജീദ്, മലപ്പുറം നഗരസഭാ സെക്രട്ടറി കെ സുധീർ, മലപ്പുറം താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് നേഴ്സ് ഷെറിൻ ജാഫർ, മുനവ്വറലി ശിഹാബ് തങ്ങൾ, തദ്ദേശ സ്വയംഭരണ വകുപ്പിലെയും നഗരസഭയിലെയും മറ്റ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകരുൾപ്പടെയുള്ളവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും വീടുകളിലെത്തിയത്.

 

date