Skip to main content

'ഓപ്പറേഷന്‍ സ്‌മൈല്‍' പദ്ധതി ഇനി ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗക്കാരിലേക്കും*

 

ജില്ലയിലെ കൊറഗ വിഭാഗക്കാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ സ്‌മൈല്‍' പദ്ധതി പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. കൊറഗ കുടുംബങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന ഭൂമി സംബന്ധമായ പ്രതിസന്ധികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി ജില്ലയിലെ എല്ലാ പട്ടികവര്‍ഗ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രത്യേക അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പട്ടികവര്‍ഗ വികസന വകുപ്പും റവന്യൂ വകുപ്പും സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 83867 ജില്ലയിലെ ആകെ പട്ടികവര്‍ഗ ജനസംഖ്യ. 981 പേരാണ് ഓപ്പറേഷന്‍ സ്‌മൈല്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 

 

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലായി 539 കുടുംബങ്ങളിലായി ആയിരത്തി എഴുന്നൂറ്റി ആറോളം കൊറഗ വിഭാഗക്കാരാണ് താമസിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ അഞ്ഞൂറ്റി മുപ്പത്തിയൊന്‍പത് കൊറഗ കുടുംബങ്ങളുടെ ഭൂമി സര്‍വ്വേ ചെയ്ത് കഴിഞ്ഞു. ഇതില്‍ 155 കുടുംബങ്ങള്‍ക്ക് ഇതിനോടകം പട്ടയം അനുവദിച്ചു നല്‍കി. 158 കുടുംബങ്ങളുടെ കൈവശരേഖയുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പട്ടയത്തിനായി 147 കുടുംബങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പതിനേഴ് ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫൈഡ് കോപ്പികള്‍ ലഭ്യമാക്കി. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലായി അന്‍പത്തിയൊന്‍പത് കോളനികളിലായി വ്യാപിച്ചുകിടക്കുന്ന നാനൂറ്റി എഴുപത്തിയെട്ട് ഏക്കര്‍ ഭൂമിയിലാണ് നിലവില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാകുന്നതോടെ ഭവനപദ്ധതികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഈ വിഭാഗങ്ങള്‍ക്ക് തടസ്സമില്ലാതെ ലഭ്യമാകും.

 

date