നി-ക്ഷയ് മിത്രയ്ക്ക് മാതൃകയായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പ്രധാനമന്ത്രി ടി ബി മുക്ത അഭിയാന്റെ ഭാഗമായി ജില്ലയിലെ ക്ഷയരോഗികള്‍ക്ക് പോഷകാഹാര കിറ്റ് നല്‍കി മാതൃകയായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി. 2030 ല്‍ ക്ഷയരോഗം ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ക്ഷയരോഗ നിര്‍ണയത്തിനും ചികിത്സക്കും ഒപ്പം രോഗികള്‍ക്ക് ആവശ്യമായ പോഷകാഹാര കിറ്റുകള്‍ പൊതുജനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് നി-ക്ഷയ് മിത്ര. ഇതിന്റെ ഭാഗമായാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പോഷകാഹാര കിറ്റ് നല്‍കിയത്.
ലഭിച്ച പോഷകാഹാര കിറ്റുകള്‍ ക്ഷയരോഗികളുടെ ഭവനങ്ങളും നിലവില്‍ ക്ഷയരോഗികളുള്ള വൃദ്ധസദനങ്ങളും സന്ദര്‍ശിച്ച് വിതരണം ചെയ്തു. പൊതുജനങ്ങള്‍ക്ക് നി-ക്ഷയ് മിത്ര ആകാമെന്നും പോഷകാഹാര കിറ്റുകള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കോഴഞ്ചേരി താലൂക്ക് ആശുപത്രിയോടനുബന്ധിച്ചുളള ജില്ലാ ടി.ബി സെന്ററുമായി ബന്ധപ്പെടാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കൊപ്പം ജില്ലാ ടി.ബി ഓഫീസര്‍ ഡോ. രാധിക എസ് ഗോപന്‍, ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍, ടി ബി ഹെല്‍ത്ത് വിസിറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
നാഷണല്‍ ടി ബി എലിമിനേഷന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ക്ഷയരോഗ നിര്‍ണയത്തിനായി കഫം, എക്സ്ട്രാ പള്‍മനറി സാമ്പിളുകള്‍ എന്നിവ രോഗനിര്‍ണയ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിന് തപാല്‍ വകുപ്പും നിര്‍ണയ പദ്ധതിയും ചേര്‍ന്ന് ആരംഭം കുറിച്ചു. പത്തനംതിട്ട മുത്തൂറ്റ് മെഡിക്കല്‍ സെന്ററില്‍ മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് പോസ്റ്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരന് ആദ്യ സാമ്പിള്‍ കൈമാറി. തപാല്‍ വകുപ്പും സ്റ്റേറ്റ് ടി.ബി സെല്ലും തമ്മിലുള്ള ധാരണ പത്രത്തിലൂടെയാണ് ഇത് സാധ്യമായത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കൊപ്പം ജില്ലാ ടി.ബി ഓഫീസര്‍, ആര്‍ദ്രം കോര്‍ഡിനേറ്റര്‍ ഡോ. അംജിത് രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments