സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം വികസനത്തിന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളുമായി പൊതുസമൂഹം
ജനമനമറിഞ്ഞുള്ള വികസനതുടര്‍ച്ചയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിന് ജില്ലയില്‍ സ്വീകാര്യതയേറുന്നു. നിത്യജീവിതവുമായി ബന്ധപ്പെടുന്ന വിഷയങ്ങള്‍ മുതല്‍ പൊതുവികസനത്തിനുതകുന്ന നിര്‍ദേശങ്ങള്‍വരെയാണ് അഭിപ്രായങ്ങള്‍ തേടിയെത്തുന്ന കര്‍മസേനാംഗങ്ങളുമായി പങ്കിടുന്നത്. നഗര-ഗ്രാമവ്യത്യാസമില്ലാതെയാണ് ജനം പ്രതികരിക്കുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും നാടിന്റെ വികസനത്തില്‍ പങ്കാളിത്തബോധമുണര്‍ത്തുന്ന പരിപാടിയെന്ന അംഗീകാരമാണ് പൊതുവിലുള്ളത്.
കെഎസ്ആര്‍ടിസി ഡിപോയ്ക്ക് സമീപം അഷ്ടമുടി കായലിന്മീതെ നിര്‍മിക്കുന്ന തേവള്ളി പാലം കടവൂര്‍-അഞ്ചാലുംമൂട് പ്രദേശവാസികള്‍ക്ക് കോര്‍പ്പറേഷന്റെ ഹൃദയഭാഗത്തേക്കുള്ള യാത്ര സുഗമമമാക്കും; രണ്ടാം ഘട്ടം വേഗതയില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യത്തിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്. വിവിധ ക്ഷേമപദ്ധതിയിലൂടെ സഹായങ്ങള്‍ ലഭിക്കുന്നു, ഹരിതകര്‍മസേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ അജൈവ മാലിന്യശേഖരണം കൃത്യമായി നടക്കുന്നുമുണ്ട്. നഗരപ്രദേശത്ത് ഉറവിട മാലിന്യ സംസ്‌ക്കരണത്തിനുള്ള പരിമിതി തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ വേണം. ജൈവമാലിന്യംശേഖരിക്കുന്നതിന് ഉപാധികള്‍ കണ്ടെത്തണമെന്നും നിര്‍ദേശമുയര്‍ന്നു.
കൊല്ലം പോര്‍ട്ടില്‍നിന്നും യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കണം. സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ‘കണക്ട് ടു വര്‍ക്ക് ' ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയും നഗരവാസികളായവര്‍ പങ്കിട്ടു. ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ സവിശേഷശ്രദ്ധ വേണം-ആവശ്യങ്ങള്‍ പലവിധം.
ജില്ലയിലെ എല്ലാ വീടുകളില്‍നിന്നും അഭിപ്രായശേഖരണം നടത്തിയാകും പദ്ധതി പൂര്‍ത്തിയാക്കുക. ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് പ്രത്യേകമായി രൂപപ്പെടുത്തിയ ആപ്പില്‍ രേഖപ്പെടുത്തും. ഫെബ്രുവരി 28 വരെയാണ് ഗൃഹസന്ദര്‍ശന പരിപാടി. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ നിര്‍വാഹക സമിതിയുടെ ഏകോപനത്തിലാണ് പ്രവര്‍ത്തനം. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാരെയും പഞ്ചായത്തുകളിലും നഗരസഭകളിലും ആയി തദ്ദേശസ്ഥാപന കമ്മിറ്റി അംഗങ്ങളെയും പരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പിന് നിയോഗിച്ചിട്ടുണ്ട്.
- Log in to post comments