Skip to main content

റോഡ് സുരക്ഷാ മാസാചരണം: ബോധവത്കരണവുമായി ആര്‍ ടി ഒ

 

ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച്  ജില്ലയിലും വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍. റോഡ് അപകടങ്ങള്‍ തടയുന്നതിനായി ഡ്രൈവര്‍മാരിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുകയാണെന്ന് ആര്‍.ടി.ഒ  കെ.അജിത് കുമാര്‍.  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ യു കെ എഫ് എന്‍ജിനീയറിങ് കോളേജില്‍ തുടങ്ങി. കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ എന്‍ എസ് എസും മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി 'സേഫ് റോഡ് സേഫ്' കൊല്ലം -റോഡ് സുരക്ഷാ മാനദണ്ഡപാലനം സംബന്ധിച്ച പരിശോധന നടത്തി. ഐ ടി ഐ, എന്‍ജിനീയറിങ് കോളജുകള്‍, മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച്  റോഡ് സുരക്ഷാ ക്ലബുകള്‍ ആരംഭിച്ച് ക്ലാസുകള്‍ നല്‍കി. വിദ്യാര്‍ഥികള്‍ക്ക് റോഡ് നിയമങ്ങള്‍, പ്രാഥമിക ശുശ്രൂഷ, സി പി ആര്‍, ട്രോമ കെയര്‍ തുടങ്ങിയവ പരിചയപ്പെടുത്തി.

റോഡ് മാപ്പിംഗ്- സുരക്ഷ സര്‍വേ- ഓഡിറ്റ് എന്നിവ നടത്തി കണ്ടെത്തിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ്. ഫയര്‍ഫോഴ്‌സ്, ട്രാക്ക് എന്നിവയുടെ നേതൃത്വത്തില്‍ ട്രോമാ കെയര്‍, റോഡ് അപകട അവബോധം, കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷാ പരിശീലനം എന്നിവയും നല്‍കുന്നുണ്ട്. ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ലേണേഴ്‌സിന് അപേക്ഷ നല്‍കിയവര്‍ തുടങ്ങിയവരിലേക്കും ബോധവത്കരണം വ്യാപിപ്പിച്ചു.   കാല്‍നട യാത്രക്കാരുടെ മരണനിരക്ക് പരമാവധി കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമുണ്ട്. ഡ്രൈവര്‍മാര്‍ക്ക് സൗജന്യമെഡിക്കല്‍ ക്യാമ്പ്, വിദ്യാര്‍ഥികളില്‍ റോഡ് സുരക്ഷാപ്രതിജ്ഞയെടുക്കല്‍ തുടങ്ങിയവ വരും ദിവസങ്ങളില്‍ നടത്തുമെന്നും ആര്‍ടിഒ പറഞ്ഞു.
 

 

date