സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ കാർണിവൽ ഓഫ് ദി ഡിഫറൻറ് ടാലൻറ് ഫെസ്റ്റ് ഓവറോൾ കിരീടം മലപ്പുറത്തിന്
ഭിന്നശേഷിക്കാർക്കായി സംസ്ഥാനതലത്തിൽ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ 'സവിശേഷ കാർണിവൽ ഓഫ് ദി ഡിഫറൻറ്' ടാലൻറ് ഫെസ്റ്റിൽ ഓവറോൾ കിരീടം നേടി മലപ്പുറം. സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ ടാലൻ്റ് ഫെസ്റ്റ് കിരീടമാണ് മലപ്പുറം നേടിയത്. തിരുവനന്തപുരം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. കോട്ടയം ജില്ല മൂന്നാം സ്ഥാനവും നേടി.
മലപ്പുറം എബിലിറ്റി ഫൗണ്ടേഷനിലെ വിദ്യാർഥികളുടെ വീൽചെയറിലെ സൂഫി ഡാൻസ്, കാഴ്ച പരിമിതരുടെ കോൽക്കളി, മലപ്പുറം ഗവൺമെൻറ് പ്രതീക്ഷ ഭവനിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ മൈം, ഫാത്തിമ ആൻഷിയുടെ സിനിമാ ഗാനം, മക്കരപ്പറമ്പ് വിളക്ക് ഫൗണ്ടേഷനിലെ കുട്ടികളുടെ സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയിലെ മികവിനാണ് മലപ്പുറത്തിന് ഓവറോൾ കിരീടം ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവിൽ നിന്നും മലപ്പുറം ടീം അംഗങ്ങൾ ഓവറോൾ കിരീടം ഏറ്റുവാങ്ങി.
സംസ്ഥാന ഭിന്നശേഷി അവാർഡിൽ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജില്ലാ അഡ്മിനിസ്ട്രേഷനുള്ള അവാർഡ് ഉൾപ്പെടെ ആറ് അവാർഡുകൾ നേടി മലപ്പുറം തിളങ്ങിയിരുന്നു.
- Log in to post comments