Skip to main content

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ 2024 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സീനിയർ കറസ്പോണ്ടന്റ് നീനു മോഹനാണ് അവാർഡ്. 'കുലമിറങ്ങുന്ന ആദിവാസി വധുഎന്ന വാർത്താ പരമ്പരക്കാണ് അവാർഡ്. വികസനോൻമുഖ റിപ്പോർട്ടിംഗിൽ ദേശാഭിമാനി ചീഫ് റിപ്പോർട്ടർ ഒ വി സുരേഷിനാണ് അവാർഡ്. 'സ്റ്റാർട്ട് ഹിറ്റ് അപ്പ്'  എന്ന വാർത്താ പരമ്പരയാണ് അവാർഡിന് അർഹമായത്. ഫോട്ടോഗ്രഫി വിഭാഗത്തിൽ മലയാള മനോരമയിലെ സീനിയർ ഫോട്ടോഗ്രാഫർ അരവിന്ദ് വേണുഗോപാലിനും കാർട്ടൂൺ വിഭാഗത്തിൽ മാധ്യമത്തിലെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് വി ആർ രാഗേഷിനുമാണ് അവാർഡ്.

ടെലിവിഷൻ വിഭാഗത്തിലെ ടിവി ന്യൂസ് റിപ്പോർട്ടിംഗിൽ ന്യൂസ് മലയാളം എക്സിക്യുട്ടീവ് ന്യൂസ് എഡിറ്റർ ഫൗസിയ മുസ്തഫക്കാണ് അവാർഡ്. 'മനസ് തകർന്നവർ മക്കളെ കൊന്നവർഎന്ന വാർത്താ പരമ്പരക്കാണ് അവാർഡ്. ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റർ വി എസ് സനോജിനും മീഡിയ വൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ദൃശ്യ പുതിയേടത്തിനും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ടിവി സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗിൽ മാതൃഭൂമി ന്യൂസ് സീനിയർ റിപ്പോർട്ടർ റിയ ബേബിക്കാണ് അവാർഡ്. 'പി ആൻഡ് ടി നിവാസികൾക്ക് ഇനി പുതിയ മേൽവിലാസംഎന്ന വാർത്തക്കാണ് അവാർഡ്. മനോരമ ന്യൂസിലെ അസോസിയേറ്റ് ന്യൂസ് പ്രൊഡ്യൂസർ അനന്തു ആർ നായർക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

ടിവി അഭിമുഖത്തിൽ 24 ന്യൂസ് സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണനാണ് അവാർഡ്.  ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റർ ലക്ഷ്മി പദ്മക്കാണ് ടിവി ന്യൂസ് പ്രസന്റർ അവാർഡ്. ടിവി ന്യൂസ് ക്യാമറയ്ക്ക് മാതൃഭൂമി ന്യൂസിലെ അസോസിയേറ്റ് ചീഫ് ക്യാമറാമാൻ ബിനു തോമസിനാണ് അവാർഡ്. മനോരമ ന്യൂസിലെ  ചീഫ് ക്യാമറാമാൻ സന്തോഷ് എസ് പിള്ള  ജൂറിയുടെ പ്രത്യേക പരാമർശം നേടി. ടിവി ന്യൂസ് എഡിറ്റിംഗിൽ ഏഷ്യാനെറ്റ്  ന്യൂസിലെ സീനിയർ വീഡിയോ എഡിറ്റർ  അച്ചു പി ചന്ദ്രനും അവാർഡിന് അർഹനായി.

25,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്ക് 15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും സമ്മാനിക്കും. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് പി.ആർ.ഡി സ്‌പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷ് അറിയിച്ചു.

പി.എൻ.എക്സ്. 396/2026

date