വൈഗ 2026; ഫെബ്രുവരി 9, 10 തീയതികളില്‍ പ്രത്യേക ഡിപിആര്‍ ശില്‍പശാല സംഘടിപ്പിക്കും
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ പ്രമുഖ അന്താരാഷ്ട്ര അഗ്രോ ട്രേഡ് ഫെയറായ വൈഗ 2026 (വൈഗ - വാല്യു അഡീഷന്‍ ഇന്‍കം ജനറേഷന്‍ ഇന്‍ അഗ്രികള്‍ച്ചര്‍) ഏഴാം പതിപ്പിന്റെ ഭാഗമായി ഡെഡിക്കേറ്റഡ് ഡിപിആര്‍ ക്ലിനിക് ഫെബ്രുവരി 9, 10 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. മൂല്യവര്‍ധിത കൃഷിയും അഗ്രി-ബിസിനസ് സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കുന്ന ഈ ക്ലിനിക്, ബാങ്കബിള്‍ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) തയ്യാറാക്കുന്നതിനുള്ള സമഗ്ര സഹായവേദിയായിരിക്കും.
രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആനയറയിലെ സമേതിയില്‍ നടക്കുന്ന ഡിപിആര്‍ ക്ലിനിക്കില്‍ കൃഷി സംരംഭകര്‍, യുവ കര്‍ഷകര്‍, എഫ്.പി.ഒകള്‍, എഫ്.പി.സികള്‍, അഗ്രി-എം.എസ്.എം.ഇകള്‍ എന്നിവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കാര്‍ഷിക ഉല്പാദനോപാധികള്‍, യന്ത്രവത്കരണം, അഗ്രി ബിസിനസ് കമ്പനികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ (പിഎസ്‌യു) എന്നിവയിലെ വിദഗ്ധര്‍ പങ്കാളികളായി സൗജന്യ സേവനങ്ങള്‍ നല്‍കും.
കൃഷിക്കൂട്ടങ്ങള്‍, കാര്‍ഷിക സംരംഭകര്‍, എഫ്.പി.സികള്‍, അഗ്രി-എം.എസ്.എം.ഇകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. പരിപാടിയില്‍ സൗജന്യമായി പങ്കെടുക്കാവുന്നതാണ് എന്നാല്‍, മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ അവസാന തീയതി ജനുവരി 31. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/m7rCo5F7W5pphLo76.
വ്യക്തമായ പദ്ധതി ആശയം, പ്രാഥമിക വരവ്-ചെലവുകണക്കുകള്‍, നല്ല വായ്പാ യോഗ്യത, കൂടാതെ പദ്ധതിയുടെ മൊത്തച്ചെലവിന്റെ 10 - 20 ശതമാനം സ്വയം നിക്ഷേപിക്കാന്‍ ശേഷിയുള്ള അപേക്ഷകരാണ് ഡിപിആര്‍ ക്ലിനിക്കിന് അപേക്ഷിക്കേണ്ടതെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: +91 94973 36242, +91 80955 90451.
- Log in to post comments