ചാലക്കുടിക്ക് വികസന കൈത്താങ്ങ്; 139 കോടി രൂപയുടെ വികസന പ്രവൃത്തികൾക്ക് ബജറ്റിൽ അംഗീകാരം
ചാലക്കുടി നിയോജകമണ്ഡലത്തിൽ 2026–27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ 139 കോടി രൂപയുടെ വിവിധ വികസന പ്രവർത്തികൾക്ക് അംഗീകാരം ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
റോഡ് വികസന രംഗത്ത് മേലൂർ ഗ്രാമപഞ്ചായത്തിലെ കൊമ്പിച്ചാൽ – കുറുപ്പം റോഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് 1.5 കോടി രൂപയും, കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ ചാത്തൻചാൽ റോഡിന് ഒരു കോടി രൂപയും, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കുറ്റിച്ചിറ – ചായ്പ്പൻകുഴി റോഡിന് രണ്ട് കോടി രൂപയും അനുവദിച്ചു.
ചാലക്കുടി നഗരസഭയിലെ പനമ്പിള്ളി കോളേജ് – നോർത്ത് ചാലക്കുടി പള്ളി റോഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് 1.25 കോടി രൂപയും വകയിരുത്തി. കൂടാതെ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ വൈലാത്ര – മാരാംകോട് റോഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് 1.75 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ടൂറിസം, സാംസ്കാരിക മേഖലകളിൽ അതിരപ്പിള്ളി – വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി രൂപയും, ചാലക്കുടി കലാഭവൻ മണി പാർക്കിന്റെ രണ്ടാം ഘട്ട വികസനത്തിന് 10 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി. മേലൂർ ഗ്രാമപഞ്ചായത്തിൽ ചാലക്കുടി പുഴയോട് ചേർന്ന് റിവർഫ്രണ്ട് പോക്കറ്റ് പാർക്ക് നിർമ്മിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ-സാമൂഹിക മേഖലയിൽ വാഴച്ചാൽ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിട നിർമ്മാണത്തിന് മൂന്ന് കോടി രൂപയും, ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിൽ ഗ്രൗണ്ടും പവലിയനും നിർമ്മിക്കുന്നതിന് 5 കോടി രൂപയും അനുവദിച്ചു.
കൊടകര മാർക്കറ്റ് നവീകരണത്തിന് അഞ്ച് കോടി രൂപയും, കൊരട്ടി വെറ്റിനറി ആശുപത്രിക്ക് ആധുനിക രീതിയിലുള്ള കെട്ടിട നിർമ്മാണത്തിന് രണ്ട് കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടി ഫയർഫോഴ്സിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അഞ്ച് കോടി രൂപയും അനുവദിച്ചു.
ജലവിഭവ–പരിസ്ഥിതി സംരക്ഷണ രംഗത്ത് ചാലക്കുടി നഗരസഭയിലെ പറയൻതോടും കൈവഴികളും ഉൾപ്പെടുത്തി ഒന്നാംഘട്ട നവീകരണത്തിന് 10 കോടി രൂപയും, ചാലക്കുടി പുഴയോട് ചേർന്നുള്ള ആറങ്ങാലിക്കടവ് സംരക്ഷണത്തിന് എട്ട് കോടി രൂപയും അനുവദിച്ചു. കാടുകുറ്റി പഞ്ചായത്തിലെ കണിച്ചാന്തുറയിൽ ഓക്സ്ബോ തടാകത്തിന്റെ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് എട്ട് കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി.
ഗതാഗതവും ജലസംരക്ഷണവും ലക്ഷ്യമിട്ട് കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ ചാലക്കുടി പുഴയ്ക്ക് കുറുകെ തൈക്കൂട്ടം കടവിൽ പാലം നിർമ്മിക്കുന്നതിന് 28 കോടി രൂപയും, മേലൂർ – പരിയാരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലക്കുടി പുഴയിൽ കയ്യാണിക്കടവിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിന് 28 കോടി രൂപയും അനുവദിച്ചു.
ആരോഗ്യ മേഖലയിലെ വികസനത്തിന്റെ ഭാഗമായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിക്കുന്നതിന് 7 കോടി രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- Log in to post comments