Skip to main content
..

മിഥുന്റെ കുടുംബത്തിന് വീട്   താക്കോല്‍ മന്ത്രിമാര്‍ കൈമാറി

 

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നിര്‍മിച്ച വീട് കൈമാറി. പടിഞ്ഞാറെ കല്ലട വെളിന്തറയില്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.  വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് 20 ലക്ഷം രൂപ  ചെലവഴിച്ചാണ് 1000 ചതുരശ്രയടിയിലുള്ള വീട് നിര്‍മിച്ചത്.

രാജ്യത്ത് ആദ്യമായി 10 മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 43 ലക്ഷം വിദ്യാര്‍ഥികളില്‍ നിന്നും വിഹിതം വാങ്ങാതെയുള്ള പരിരക്ഷയാണിത്. മാരകമായ പരിക്കുകള്‍ക്ക് മൂന്നുലക്ഷം രൂപ വരെയും ഒ പി ചികിത്സയ്ക്ക് 20000 രൂപ വരെയുമാകും ധനസഹായം.
നാലു കോടിയോളം എണ്ണംവരുന്ന പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് വിതരണം ചെയ്തു. 11-ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ളവ മൂന്നാഴ്ചയ്ക്കുള്ളില്‍ വിതരണത്തിന് നല്‍കാനാകും.  വിവിധ ക്ലാസുകളിലെ പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ മാറ്റംവരാതെ 25 ശതമാനം സിലബസ് കുറയ്ക്കുന്നത് കരിക്കുലം കമ്മിറ്റി അംഗീകരിച്ചത് അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി.
ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ മിഥുന്റെ മാതാപിതാക്കള്‍ക്ക് താക്കോല്‍ കൈമാറി. രാജ്യത്ത് ആദ്യമായി സ്‌കൂള്‍ മുതല്‍ കോളജ്തലംവരെ സൗജന്യവിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് കേരളം എന്ന് അദ്ദേഹം പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ജെ. അംബികാ കുമാരി, സംസ്ഥാന വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ കെ സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി കെ ഗോപന്‍,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. കലാദേവി, ദീപ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ഇന്ദു, രാഖി പ്രവീണ്‍, ഗ്രാമപഞ്ചായത്ത് അംഗം കെ. കലാധരന്‍ പിള്ള, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഐ. ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date