Skip to main content
പവര്‍ ബ്രിഗേഡ് പദ്ധതിയുടെ ഭാഗമായി റോഡ് സേഫ്റ്റി ബ്രിഗേഡ് വിഭാഗത്തിലെ വിദ്യാര്‍ഥിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി തൊപ്പി ധരിപ്പിക്കുന്നു

പവര്‍ ബ്രിഗേഡ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ വിഭാഗം കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന
പവര്‍ ബ്രിഗേഡ് പദ്ധതി ജില്ലയില്‍ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി നിര്‍വഹിച്ചു. ഉള്ളിലുള്ള സന്തോഷം കണ്ടെത്തി ലോകത്തിന് പകരാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് അവര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ അംബാസിഡറായി ലഹരി വിരുദ്ധ, റോഡ് സുരക്ഷ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നതിലൂടെ സമൂഹത്തില്‍  മാറ്റം സാധ്യമാകുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്തെ 140 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത 200 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. പ്രത്യേക ദൗത്യവുമായി അഞ്ച് വിഭാഗങ്ങളായാണ് പവര്‍ ബ്രിഗേഡ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളെ പിയര്‍ മെന്റര്‍മാരായി വളര്‍ത്താനും അവര്‍ക്ക് പിന്തുണയും മാര്‍ഗ നിര്‍ദേശവും നല്‍കാനുള്ള മെന്ററിംഗ് ബ്രിഗേഡ്, സമൂഹത്തില്‍ ഉത്തരവാദിത്വമുള്ള ഡിജിറ്റല്‍ പൗരന്മാരായി വളര്‍ത്താന്‍ ഡിജിറ്റല്‍ വെല്‍നെസ് ബ്രിഗേഡ്, ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധത്തിന് റോഡ് സേഫ്റ്റി ബ്രിഗേഡ്, പ്രഥമ ശുശ്രൂഷ പരിശീലനത്തിന് സുരക്ഷാ ബ്രിഗേഡ്, സ്‌കൂള്‍ തലത്തില്‍  ലഹരി വിരുദ്ധ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആന്റി ഡ്രഗ് ബ്രിഗേഡ് എന്നിവയാണ് വിഭാഗം. ഓരോ വിഭാഗത്തിനുമായി പ്രത്യേക നിറത്തിലുള്ള തൊപ്പികള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി.
തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എച്ച്എസ്ഇ റീജണല്‍ ഡെപ്യൂട്ടി ഡയറകടര്‍  സുധ, സ്റ്റേറ്റ് ഫാക്കല്‍റ്റി ഡോ. അജിത്ത് ആര്‍ പിള്ള, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. സുനില്‍കുമാര്‍, കണ്‍വീനര്‍ ഡോ. അനിത ബേബി, ജില്ലയിലെ ഒമ്പത് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date