Skip to main content
അക്ഷരം ആരോഗ്യം പരിപാടിയുടെ ഉദ്ഘാടനം  പന്തളം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുനിത വേണു പൂഴിക്കാട് സര്‍ക്കാര്‍ യുപി സ്‌കൂളില്‍ നിര്‍വഹിക്കുന്നു

അക്ഷരം ആരോഗ്യം' ജില്ലയില്‍ തുടക്കം

സ്‌കൂള്‍ കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂള്‍ ആരോഗ്യ പരിപാടിക്ക് ജില്ലയില്‍ തുടക്കം. പന്തളം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുനിത വേണു പൂഴിക്കാട് സര്‍ക്കാര്‍ യുപി സ്‌കൂളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അധ്യക്ഷയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍  വിഷയാവതരണം നടത്തി.സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി  വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ ഗുണഭോക്താക്കളാക്കുന്ന പരിപാടിയാണ് അക്ഷരം ആരോഗ്യം. ആരോഗ്യ അവബോധവും മികച്ച ആരോഗ്യ ശീലവും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.
അക്ഷരം ആരോഗ്യം വഴി പരിശോധന നടത്തിയ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് കാര്‍ഡില്‍ കുട്ടിയുടെ ആരോഗ്യ വിവരം രേഖപ്പെടുത്തും. ഇത് ഇലക്ട്രോണിക്ക് ഹെല്‍ത്ത് കാര്‍ഡ് ആയി മാറ്റുകയും പൂര്‍ണ സ്വകാര്യതയോടെയും സുരക്ഷിതത്തോടെയും സ്റ്റേറ്റ് ഡേറ്റാ സെന്ററില്‍ സൂക്ഷിക്കും.
എല്ലാ സ്‌കൂളുകളിലും ഹെല്‍ത്ത് അസംബ്ലി, ഹെല്‍ത്ത് കോര്‍ണര്‍ ഉണ്ടായിരിക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും അനാരോഗ്യകരമായ ശീലം തടയും.
ഓരോ സ്‌കൂളിലും ഹെല്‍ത്ത് മെന്റര്‍മാരായി അധ്യാപകരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് തയ്യറാക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനം നല്‍കും.  അധ്യാപകര്‍ കൃത്യമായ ഇടവേളകളില്‍ തുടര്‍ച്ചയായി നാലു മേഖല അടങ്ങുന്ന 11 തീമുകളില്‍ കുട്ടികള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസം നല്‍കും. അക്ഷരം ആരോഗ്യം പരിപാടിയില്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം നല്‍കുന്നതിന് വേണ്ടി ഹെല്‍ത്ത് അമ്പാസഡര്‍മാരായി എല്ലാ ക്ലാസില്‍ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തിരഞ്ഞെടുക്കും. ഇവരിലൂടെ അധ്യാപകര്‍ നല്‍കുന്ന വിവരം സൗഹാര്‍ദ്ദപരമായി വിദ്യാര്‍ഥികളുടെ ഇടയില്‍ പ്രചരിപ്പിക്കും. അയണ്‍, ഫോളിക് ആസിഡ് ഗുളിക, കൗമാരാരോഗ്യ പരിപാടി, പ്രതിരോധ കുത്തിവെയ്പ്പ്, ആര്‍ത്തവ ശുചിത്വം തുടങ്ങിയ സ്‌കൂളുകളില്‍ നടക്കുന്ന ആരോഗ്യ പരിപാടികളേയും പദ്ധതികളേയും അക്ഷരം ആരോഗ്യം കൂടുതല്‍ ശക്തീകരിക്കും.  അടിയന്തര ഘട്ടങ്ങളില്‍ ശാസ്ത്രീയ രീതിയില്‍ പ്രഥമ ശുശ്രൂഷ  നല്‍കേണ്ട സാഹചര്യത്തില്‍ അക്ഷരം ആരോഗ്യം പദ്ധതി ഘട്ടമായി പരിശീലിപ്പിക്കും. ആരോഗ്യ പ്രശ്നം നേരത്തെ കണ്ടെത്തി സുഗമമായി പരിഹരിക്കും.
കാഞ്ഞിറ്റുകര  സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിബിന്‍ സാജന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ആനി ജോണ്‍, ജില്ലാ ആര്‍.സി. എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍,  തിരുവല്ല വിദ്യാഭ്യാസ ഉപജില്ല ഡയറക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് ഇ മായ, പന്തളം എ.ഇ.ഒ  സി.വി സജീവ് , എസ്. എസ്. കെ പ്രകാശ്, ഡയറ്റ് തിരുവല്ല മെമ്പര്‍ ഡോ. ദേവി, പൂഴിക്കാട് യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുദര്‍ശന്‍, പി. റ്റി. എ പ്രസിഡന്റ് ശ്രീദേവി നമ്പ്യാര്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എം പി ബിജു കുമാര്‍  , ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ  ആര്‍. സജിത്ത് ,  സി പി ആശ, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് സി എ അനിലാകുമാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജയരാജ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് സൂപ്പര്‍ വൈസര്‍ മിനി, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോക്ടര്‍മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

 

date